ആതിര ദുരഭിമാനക്കൊലകേസ്: പ്രതിയായ പിതാവിനെ കോടതി വെറുതെ വിട്ടു, വിചാരണക്കിടെ സാക്ഷികള്‍ കൂറുമാറി

വിചാരണക്കിടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു
ആതിര ദുരഭിമാനക്കൊലകേസ്: പ്രതിയായ പിതാവിനെ കോടതി വെറുതെ വിട്ടു, വിചാരണക്കിടെ സാക്ഷികള്‍ കൂറുമാറി

മലപ്പുറം: മലപ്പുറം അരീക്കോട് ദുരഭിമാനക്കൊലകേസ് പ്രതിയെ കോടതി വെറുതെ വിട്ടു. മകള്‍ ആതിരയെ  കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. വിചാരണക്കിടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി രാജനെ വെറുതെ വിട്ടത്.

2018 മാര്‍ച്ച് 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര കൊല്ലപ്പെടുന്നത്. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുളള വൈരാഗ്യം മൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി  പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ മകളെ വിവാഹത്തലേന്ന് കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. പുവത്തിക്കണ്ടി ചാലത്തിങ്ങല്‍ രാജനാണ് മകള്‍ ആതിരയെ കൊലപ്പെടുത്തിയത്. ബന്ധുക്കള്‍ എല്ലാമെത്തി വിവാഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെയായിരുന്നു ആക്രമണം.

മകള്‍ ആതിരയുമായുളള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് കേസ് ഡയറിയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com