കള്ളമൊഴി പൊളിച്ചത് വാവ സുരേഷ് ; ആറുമാസത്തോളം യൂട്യൂബ് പഠനവും പ്രാക്ടിക്കലും ; ഉത്ര കൊലപാതകത്തില്‍ സൂരജ് കുരുങ്ങിയത് ഇങ്ങനെ

അന്‍പതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതിലൂടെ പൊലീസിന്  വ്യക്തമായി
കള്ളമൊഴി പൊളിച്ചത് വാവ സുരേഷ് ; ആറുമാസത്തോളം യൂട്യൂബ് പഠനവും പ്രാക്ടിക്കലും ; ഉത്ര കൊലപാതകത്തില്‍ സൂരജ് കുരുങ്ങിയത് ഇങ്ങനെ


കൊല്ലം : കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിന് മൊഴിയിലെ കളവ് കുരുക്കായി മാറി. സൂരജിന് പാമ്പിനെ കൈമാറിയ കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയത് സംസ്ഥാനത്തെ പ്രമുഖ പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷാണെന്നാണ് സൂരജ് പൊലീസിനോട് പറഞ്ഞത്.  ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാവ സുരേഷുമായി സൂരജിന് ബന്ധമില്ലെന്ന് പൊലീസിന് മനസ്സിലായി. വാവ സുരേഷുമായി പൊലീസ് ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിയുകയും ചെയ്തു.

ഇതറിഞ്ഞതോടെയാണ് പിടിച്ചുനില്‍ക്കാനാകാതെ സത്യങ്ങള്‍ മുഴുവന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. പാമ്പു പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിന്റെ വിഡിയോ കണ്ടാണ് സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അന്‍പതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതിലൂടെ പൊലീസിന്  വ്യക്തമായി. 3 തവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് സൂരജ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷ് പഠിപ്പിക്കുകയും ചെയ്തു.

6 മാസത്തോളം യുട്യൂബില്‍ പാമ്പുകളെക്കുറിച്ചുള്ള വിഡിയോ സൂരജ് കണ്ടുമനസ്സിലാക്കിയിരുന്നു. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. ഇതിനായി വഴികള്‍ പലതും ആലോചിച്ച ശേഷമാണ് പാമ്പിലേക്ക് എത്തിയത്. ഇതിനായി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നും അണലിയെ പണം നല്‍കി വാങ്ങി. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ യുട്യൂബ് പഠനം മുതല്‍ കൈകളുടെ ചലനവേഗ പരിശീലനം വരെ, നാളുകള്‍ നീണ്ട ആസൂത്രണമാണ് സൂരജ് നടത്തിയത്.

സുരേഷില്‍ നിന്നും വാങ്ങിയ അണലിയെ പരീക്ഷണാര്‍ഥം എലിയെ കടിപ്പിച്ച് ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. പിന്നീട് ഉത്രയെ കടിപ്പിക്കുക ലക്ഷ്യമിട്ട് സൂരജ് ഈ പാമ്പിനെ വീട്ടിലെ മുകള്‍ നിലയിലേക്കുള്ള പടിക്കെട്ടുകള്‍ക്കു മുകളിലിട്ടു. മുകളിലെ മുറിയിലെ മൊബൈല്‍ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ഉത്രയോട് സൂരജ് ആവശ്യപ്പെട്ടു. പടികയറിയെത്തിയ ഉത്ര പാമ്പിനെ കണ്ട് ബഹളം വെച്ചു. ഇതോടെ ആദ്യ ശ്രമം പാളി. തുടര്‍ന്ന് സൂരജ് എത്തി പാമ്പിനെ ചാക്കിലാക്കി വെളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ചേരയാണ് എന്നാണ് സൂരജ് ഉത്രയോട് പറഞ്ഞത്. പിന്നീട് ഈ അണലിയെക്കൊണ്ടു തന്നെയാണ് ഉത്രയുടെ കാലില്‍ കടിപ്പിച്ചത്. വേദന അറിയാതിരിക്കാന്‍ മരുന്നും നല്‍കി. പിന്നീട് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും എത്തിച്ചപ്പോഴും ചികില്‍സ പരമാവധി വൈകിപ്പിക്കാന്‍ സൂരജ് ശ്രമിച്ചിരുന്നു. പിന്നീട് ഉത്രയുടെ വീട്ടുകാരെത്തി പുഷ്പഗിരി ആശുപത്രിയില്‍ കൊണ്ടുപോയതോടെയാണ് യുവതിക്ക് ജീവന്‍ തിരികെ കിട്ടിയത്.

തുടര്‍ന്ന് ചികില്‍സകള്‍ക്കും വിശ്രമത്തിനുമായി ഉത്രയെ വീട്ടുകാര്‍ അഞ്ചലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ആദ്യശ്രമം പാളിയതോടെ, പിന്നീടു വീണ്ടും കല്ലുവാതുക്കല്‍ സുരേഷിനെ ബന്ധപ്പെട്ടാണ് സൂരജ് മൂര്‍ഖനെ വാങ്ങിയത്. അഞ്ചലിലെ വീട്ടിലെ എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ മേയ് 7നു പുലര്‍ച്ചെ കടിപ്പിച്ചു. ഇതിനു മുന്‍പ് പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയില്‍ വച്ചിരുന്നു. വീടിനുള്ളിലെ തെളിവെടുപ്പിനു ശേഷം, പഴയ കുടുംബവീടിനു പിന്നില്‍ നിന്നു പാമ്പിനെ കൊണ്ടുവന്ന കുപ്പി പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com