പാമ്പിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഡിജിപി ; കുറ്റപത്രം 90 ദിവസത്തിനകം

പാമ്പിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഡിജിപി ; കുറ്റപത്രം 90 ദിവസത്തിനകം

ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം

കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍, മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹൈദരാബാദിലോ പൂനെയിലോ ആകും ഡിഎന്‍എ പരിശോധന നടത്തുക. കുറ്റപത്രം 90 ദിവസത്തിനകം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ ഭര്‍ത്താവ് സൂരജാണ് മെയ് ഏഴിന് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഉത്രയെ കടിച്ചുകൊന്ന മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തും. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണായക തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പടെ മറ്റു ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ സഹോദരി ഉള്‍പ്പടെ വീട്ടുകാരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ്  റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഉത്ര വധക്കേസെന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ 80 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ശ്രമം. സാഹചര്യ തെളിവുകള്‍ ഉപയോഗിച്ച് കേസ് തെളിയിക്കുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ്. കുറ്റകൃത്യം നടന്ന സന്ദര്‍ഭത്തില്‍ ഭാര്യയും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. കേസില്‍ സാക്ഷികളില്ല. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നും കൊല്ലം എസ് പി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com