രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ; 28 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍

സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ പുറത്തു നിന്ന് നാട്ടില്‍ എത്തുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്
രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ; 28 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍

തിരുവനന്തപുരം:  സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ പുറത്തു നിന്ന് നാട്ടില്‍ എത്തുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്ക്  28 ദിവസം നിര്‍ബന്ധിത ക്വാറന്റൈനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലയാളികള്‍ക്ക് നാട്ടിലെത്തുന്നതിനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നും കെട്ടിടനിര്‍മാണത്തൊഴിലാളികളെ അടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിര്‍ബന്ധിത ക്വാറന്റൈനും ഏര്‍പ്പെടുത്തും. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാന്‍ പാസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യാതെ വരുന്നത് സംസ്ഥാനത്തെ ക്രമീകരണങ്ങള്‍ താളം തെറ്റുന്നതിന് ഇടയാക്കും. ശരിയായ പരിശോധനയ്ക്കും  ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ആരോഗ്യസംരക്ഷണത്തിന് രജിസ്‌ട്രേഷന്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ആരോടും വിവേചനം ഇല്ല. മറ്റു പോംവഴികള്‍ ഇല്ലാത്തതു കൊണ്ടാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലാണ് പിന്നീട് ചെന്ന് എത്തുകയെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com