സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി; തിരക്ക് ഒഴിവാക്കാന്‍ കുട്ടികളെ ഒരേസമയം പുറത്തിറക്കരുത്; മാര്‍ഗനിര്‍ദേശവുമായി ഡിജിപി

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയമനടപി - മാര്‍ഗനിര്‍ദേശം ഡിജിപി പുറത്തിറക്കി
സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി; തിരക്ക് ഒഴിവാക്കാന്‍ കുട്ടികളെ ഒരേസമയം പുറത്തിറക്കരുത്; മാര്‍ഗനിര്‍ദേശവുമായി ഡിജിപി


തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടം കൂടിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. തിരക്ക് ഒഴിവാക്കാന്‍ കുട്ടികളെ ഒരേ സമയം പുറത്തിറക്കരുത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയമനടപി സ്വീകരിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഡിജിപി പുറത്തിറക്കി.

വിദ്യാര്‍ഥികളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സജ്ജം. സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് ഇവ ഒരുക്കിയത്. സ്വകാര്യവാഹനങ്ങളും അനുവദിക്കും. വിദ്യാര്‍ഥികളുമായി പോകുന്ന വാഹനം തടയരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശമുണ്ട്. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍തന്നെ പരീക്ഷയ്ക്ക് എത്തിക്കും.

കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കണം. ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലേക്കാണ് ഇടേണ്ടത്. ഇത് ഏഴുദിവസം സ്‌കൂളില്‍ സൂക്ഷിച്ചശേഷം അയച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. എന്നാല്‍, പരീക്ഷ കഴിയുന്നമുറയ്ക്ക് അവ അതത് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്കയക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍

അരമണിക്കൂര്‍മുമ്പ് കുട്ടികളെ സ്‌കൂളിലെത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷ കഴിഞ്ഞാല്‍ മറ്റെങ്ങും ചുറ്റിത്തിരിയാതെ അവര്‍ വീട്ടിലെത്തുന്നെന്ന് ഉറപ്പാക്കണം. കുട്ടികളുടെ കൂടെച്ചെല്ലുന്ന രക്ഷിതാക്കള്‍ മറ്റുള്ളവരില്‍നിന്ന് ശാരീരിക അകലം പാലിക്കണം

ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ഹാളിലേക്ക് കയറ്റുക. ഇതിന് പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെയും നിയോഗിച്ചു. ഒരെണ്ണത്തിന് 7900 രൂപ വിലയുള്ള 5000 ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് കേന്ദ്രങ്ങളിലേക്ക് സജ്ജമാക്കിയത്. നാലുകോടിയോളം ചെലവുവരും.

സാനിറ്റൈസര്‍ ഹാളിന് പുറത്തുവെച്ചുതന്നെ കുട്ടികള്‍ക്ക് നല്‍കി അണുനശീകരണം നടത്തണം. അതിന് അധികം ജീവനക്കാരും അധ്യാപകരും സജ്ജരായിരിക്കും. ഹാളിനുപുറത്ത് സോപ്പ്, സോപ്പുലായനിയുണ്ടാകും. വേണ്ടിവന്നാല്‍ ഇരിപ്പിടം അണുമുക്തമാക്കാന്‍ ബ്ലീച്ചിങ് ലായനി, ആരോഗ്യമാര്‍ഗനിര്‍ദേശം നല്‍കുന്ന ബോര്‍ഡ് എന്നിവയുണ്ടാകും.

അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൈയുറ. പരീക്ഷാപേപ്പര്‍ അടക്കം ഒരു വസ്തുവും വെറുംകൈകൊണ്ട് തൊടാന്‍ പാടില്ല. ഉപയോഗിച്ച കൈയുറ ഊരിയിടുന്നതിന് പ്രത്യേകം പെട്ടി. ഇത് സംസ്‌കരിക്കാന്‍ സുരക്ഷയോടെ കൊണ്ടുപോകാനും സംവിധാനം.

കുട്ടികള്‍ ഹാജര്‍ ഷീറ്റില്‍ ഒപ്പിടേണ്ട. അധ്യാപകര്‍ കുട്ടികളുെട ഹാജര്‍ അവരുടെ ഷീറ്റില്‍ രേഖപ്പെടുത്തിയാല്‍ മതി.

അവരവരുടെ ഉപകരണങ്ങള്‍ മാത്രമേ കുട്ടിക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. േപന, പെന്‍സില്‍ എന്നിവയൊന്നും കൈമാറാന്‍ പാടില്ല

നിരീക്ഷണത്തിലുള്ളതോ നിരീക്ഷണത്തില്‍ കുടുംബാംഗങ്ങള്‍ ഉള്ള വീട്ടിലെയോ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹാളാണ്. ഇവര്‍ക്ക് പ്രത്യേക വഴി അനുവദിക്കും. ഇവരുടെ ഉത്തരക്കടലാസ് പ്രത്യേകം പ്ലാസ്റ്റിക് കവറുകളില്‍ കെട്ടി സീല്‍ ചെയ്യും. ഇത് മറ്റൊരു കവറിലാക്കി അതില്‍ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തും.

വീട്ടിലെത്തിയാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കുളിക്കുക. കുട്ടികളെന്നനിലയില്‍ വരാവുന്ന ചെറിയ അശ്രദ്ധയുടെ പേരില്‍ അവരെ ഭയപ്പെടുത്തരുത്. അത് തുടര്‍ന്നുള്ള പരീക്ഷകളില്‍ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com