877 കേന്ദ്രങ്ങളില്‍ നാളെ മുതല്‍ മദ്യവില്‍പ്പന; രാവിലെ 9 മുതല്‍ 5 വരെ; ഒരേ സമയം 5 പേര്‍ മാത്രം

മദ്യം ബുക്ക് ചെയ്തവര്‍ മാത്രമെ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു.
877 കേന്ദ്രങ്ങളില്‍ നാളെ മുതല്‍ മദ്യവില്‍പ്പന; രാവിലെ 9 മുതല്‍ 5 വരെ; ഒരേ സമയം 5 പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യവിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ബെവ് ക്യൂ അപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നാളെ രാവിലെ  9 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് വില്‍പ്പന. മദ്യം ബുക്ക് ചെയ്തവര്‍ മാത്രമെ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും അനുസരിക്കണം. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികള്‍ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മദ്യക്കടകളും ബാര്‍ ഹോട്ടലുകളും അടച്ചിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു ഫലപ്രദമായി നടപ്പാക്കി. 

പിന്നീട് ലോക്ഡൗണ്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തെങ്ങൊരുക്കാന്‍ അനുവാദം നല്‍കി. 2500ലധികം കള്ളുഷാപ്പുകള്‍ തുറന്നു. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്‌ലറ്റിന്റെ തിരക്കു നിയന്ത്രിക്കാന്‍ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാല്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകള്‍ തുറക്കുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ ആപ് വഴി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ആപ് നിര്‍മിക്കുന്നതിന് 29 പ്രൊപ്പോസലുകളാണ് വന്നത്. ഇതില്‍നിന്നും അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവരില്‍ ഫെയര്‍കോഡ് ടെക്‌നോളജിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 2, 84,203 ആണ് അവര്‍ കോ്വാട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com