അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, നദിക്കരകളില്‍ ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, നദിക്കരകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:  അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ മെയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടെത്താനും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31 ഓടേ  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി വെളളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേരളത്തില്‍ പൊതുവില്‍ ശക്തമായ കാറ്റ് മൂലം മരങ്ങള്‍ കടപുഴകി വീഴാനും ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കേണ്ടതാണ്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് മാറിത്താമസിക്കേണ്ടതാണ്.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍, ഫിഷെറീസ്,കെഎസ്ഇബി, പൊലീസ്് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com