കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാനായ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവായി. വാര്‍ഡ് ലെവല്‍ ആര്‍.ആര്‍.ടികളുടെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വീടുകള്‍ ഏറ്റെടുക്കേണ്ടത്. ഇവയെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കും.

വരും ദിവസങ്ങളില്‍ മടങ്ങിയെത്താന്‍ അനുമതി ലഭിച്ച പ്രവാസികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. 14 ദിവസമാണ് ഇവര്‍ കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടത്. മടങ്ങിയെത്തുന്ന പ്രവാസികളില്‍ സ്വന്തമായി ഒഴിഞ്ഞു കിടക്കുന്ന വീടുള്ളവരുണ്ട്. ഇങ്ങനെ വീട്ടില്‍ ഒറ്റക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ വിധേയമായി വീടുകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ അനുവദിക്കും. താമസിക്കാന്‍ അനുവാദം നല്‍കുന്നതിനു മുമ്പ് വാര്‍ഡ്തല ദ്രുതകര്‍മസേന കെട്ടിടം പരിശോധിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയതായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണം.  

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ നാട്ടിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നേരിട്ടോ 9895812073/ 9446967710 നമ്പറിലോ അറിയിക്കണം. രജിസ്‌ട്രേഷന്‍ വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നും വാര്‍ഡ്തല ദ്രുതകര്‍മ സേനക്ക് കൈമാറും.  വാര്‍ഡ്തല ദ്രുതകര്‍മ സേനയുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമേ അനുമതി ലഭിക്കൂ.

ദ്രുതകര്‍മസേന വീട് പരിശോധിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ യോഗ്യമാണോ എന്നുറപ്പാക്കുകയും വിവരം കോവിഡ് 19 ജാഗ്രത ആപ്പില്‍ ചേര്‍ക്കുകയും വേണം. നിര്‍ദ്ദിഷ്ട വീട് മറ്റാരും താമസമില്ലാത്തതായിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരല്ലാതെ മറ്റാരും വീട്ടില്‍ പ്രവേശിക്കരുത്. താമസത്തിന് മുമ്പ് വീട് ശുചീകരിച്ച് അണുവിമുക്തമാക്കണം. കോവിഡ് പ്രതിരോധത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം.  

ദ്രുതകര്‍മസേന ശുപാര്‍ശ ചെയ്യുന്ന വീടുകള്‍  
ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി രേഖപ്പെടുത്തുകയും ആരോഗ്യ വകുപ്പിന്റെയും വാര്‍ഡ് തല ദ്രുതകര്‍മസേനയുടെയും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി നല്‍കുന്നവരെ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് സര്‍ക്കാര്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. നിരീക്ഷണത്തില്‍ കഴിയേണ്ട വ്യക്തിയുടെയും നിരീക്ഷണത്തില്‍ കഴിയാന്‍ അദ്ദേഹം തിരഞ്ഞെടുത്ത വീടിന്റെയും വിശദവിവരം നിശ്ചിത മാതൃകയില്‍ തയ്യാറാക്കും. ക്വാറന്റീന്‍ നിബന്ധനകള്‍ അവരെ വായിച്ചു കേള്‍പ്പിക്കും. നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട വാര്‍ഡ്തല ദ്രുതകര്‍മ സേനയെ വിവരം ധരിപ്പിച്ച ശേഷം സ്വന്തം വാഹനസൗകര്യത്തില്‍ നിര്‍ദ്ദിഷ്ട വീട്ടിലേക്കു പോകാം. സെന്റര്‍ മാനേജര്‍ പ്രവാസികളുടെ വിവരങ്ങള്‍ ഏകോപിപ്പിച്ച് താലൂക്ക്തല കോവിഡ് കെയര്‍ സെന്റര്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ചാര്‍ജ് ഓഫീസര്‍മാര്‍ ഈ വിവരം ദിവസവും രാവിലെ 11ന് കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും  റിപ്പോര്‍ട്ട് ചെയ്യണം.

വീട്ടില്‍  നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി ലഭിച്ചവര്‍ സര്‍ക്കാര്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് സ്വന്തം നിലക്ക്  യാത്രാ സൗകര്യം ഏര്‍പ്പാടാക്കണം. വീട്ടില്‍  നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി ലഭിച്ചവര്‍ക്ക് ഉപയോഗിക്കാനാവശ്യമായ വാഹനങ്ങളുടെ ലഭ്യത വാര്‍ഡ്തല ദ്രുതകര്‍മസേന ഉറപ്പാക്കണം.  മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി എല്ലാ മുന്‍കരുതലുകളും ്രൈഡവര്‍ കൈക്കൊള്ളണം.  വാഹനം ശരിയായ രീതിയില്‍ അണുവിമുക്തമാക്കിയിരിക്കണം.  ഏതെങ്കിലും തരത്തില്‍ നിരീക്ഷണ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടാല്‍ വാര്‍ഡ്തല  ദ്രുതകര്‍മസേന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും.  നിയമലംഘകനെ ഉടന്‍ തന്നെ സര്‍ക്കാരിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമ നടപടി കൈക്കൊള്ളുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com