ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാഹചര്യം ഗുരുതരം; നിയന്ത്രണങ്ങള്‍ കടുപ്പിക്കണം: മന്ത്രിസഭാ യോഗം

സമൂഹ വ്യാപനത്തിന്റെ വക്കില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ രീതിയിലേക്കു മാറിയതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. പുറത്തുനിന്നുള്ളവര്‍ എത്താന്‍ തുടങ്ങിയതോടെ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത് സ്ഥിതിഗതികളില്‍ ഗൗരവമുള്ള മാറ്റമുണ്ടാക്കി. ഈ പശ്ചാത്തലത്തില്‍ കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് സൂചന.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. സമൂഹ വ്യാപനത്തിന്റെ വക്കില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇതുവരെ നേടിയ മേല്‍ക്കൈ ഇല്ലതാവാന്‍ ചെറിയ അശ്രദ്ധ മതി. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളും കരുതലും കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണം. ചെറിയ തരത്തിലുള്ള ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ പോലും അനുവദിക്കുന്നതു രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

ലോക്ക് ഡൗണ്‍ ഇളവുകള്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കര്‍ശനമായന നടപടികള്‍ക്ക് നേരത്തെ തന്നെ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും തൊഴിലാളികളെ ഉള്‍പ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്ക് വഴിയില്‍ ആളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് നിലവില്‍ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചടങ്ങുകള്‍ക്ക് പല തവണയായി കൂടുതല്‍ ആളെത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് വേണ്ടിവരുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. ബസുകളിലും ബസ്സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്കുണ്ടാവുന്നു. ഓട്ടോറിക്ഷകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ സഞ്ചരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കും. ്രൈഡവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. തിരക്ക് ഒഴിവാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. കടകളിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്നു. ഈ രീതി തുടരാന്‍ പറ്റില്ലെന്നും ജാഗ്രതയില്‍ അയവ് വന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ്യൂസ്‌കടകളിലും ചായക്കടകളിലും കുപ്പി ഗല്‍സ് സാനിറ്റൈസ് ചെയ്യാതെ പലര്‍ക്കായി നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് രോഗം പടരാന്‍ ഇടയാക്കും. ഇതിനെ ഗൗരവമായി കണ്ട് ഇടപെടും.
സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരം പോകേണ്ടി വരുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാനാവുന്ന പാസ് നല്‍കും. സന്നദ്ധപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഈ കാലയളവില്‍ പൊലീസിനൊപ്പം ചേര്‍ന്ന് പൊലീസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ പ്രധാന തെരുവുകളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കും. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ പി. പി. ഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com