ഒരു സ്‌കൂളും ഫീസ് കൂട്ടരുത്; കുട്ടികളെയും രക്ഷിതാക്കളെയും പിഴിയാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം നിലച്ച പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ഫീസ് കൂട്ടരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഒരു സ്‌കൂളും ഫീസ് കൂട്ടരുത്; കുട്ടികളെയും രക്ഷിതാക്കളെയും പിഴിയാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം നിലച്ച പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ഫീസ് കൂട്ടരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെയും രക്ഷിതാക്കളെയും പിഴിയാന്‍ ഒരു സ്‌കൂളും ശ്രമിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോവിഡ് മരണനിരക്ക് കേരളത്തില്‍ താഴ്ന്നനിലയിലാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ദേശീയ ശരാശരി 2.89 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഇത് കേവലം 0.50 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ അഭിനന്ദിക്കുന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത്  84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 526 ആയി. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 105 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂരാണ് തൊട്ടുപിന്നില്‍. 93 പേരാണ് വിവിധ ആശുപത്രികളില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. കാസര്‍കോട് 63, മലപ്പുറം 52 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍.  ഇന്ന കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.  കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 18 പേര്‍ കാസര്‍കോട് ജില്ലയിലുളളവരാണ്. പാലക്കാട്, 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒന്നുവീതം, എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ മറ്റു ജില്ലകള്‍ തിരിച്ചുളള കണക്കുകള്‍. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട് 9, കര്‍ണാടക 3, ആന്ധ്രാപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ മറ്റു കണക്കുകള്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് 1088 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 526 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 1,15,297 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ കഴിയുന്നവര്‍ 1,14,305 പേരാണ്. 992 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 210 പേരെയാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com