'എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഉത്രയെ കൊലപ്പെടുത്തിയെന്ന് സൂരജ് പറഞ്ഞു'; സുഹൃത്തിന്റെ മൊഴി

കൂടാതെ അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകനെ കാണാൻ സൂരജ് ശ്രമിച്ചെന്നും വ്യക്തമാക്കി
'എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഉത്രയെ കൊലപ്പെടുത്തിയെന്ന് സൂരജ് പറഞ്ഞു'; സുഹൃത്തിന്റെ മൊഴി

കൊല്ലം; ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നോട് പറഞ്ഞിരുന്നതായി സുഹ‌ൃത്തിന്റെ മൊഴി. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും പറഞ്ഞതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. കൂടാതെ അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകനെ കാണാൻ സൂരജ് ശ്രമിച്ചെന്നും വ്യക്തമാക്കി. 

സൂരജിന്റെ രണ്ട് സുഹൃത്തുക്കൾ, ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോറിന്റെ ഉടമ, ജീവനക്കാരൻ, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സൂരജിനെ പൊലീസ് പിടികൂ‍ടിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. അതിനിടെ സൂരജിനു വിഷപ്പാമ്പുകളെ നൽകിയ ചാവർകോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തിൽ കോടതിയുടെ അനുമതി തേടാനാണ് നീക്കം. 

പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉറക്കഗുളികയ്ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നൽകിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു. ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ അവശിഷ്ടം ഇന്നലെ പുനലൂർ കോടതിയുടെ അനുമതിയോടെ തിരുവനന്തപുരത്തെ ലാബിലെത്തിച്ചു.  മരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയ്ക്കും ഇനത്തെ തിരിച്ചറിയാനുമാണിത്. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com