പന്ത്രണ്ടാം ക്ലാസ് രാവിലെ എട്ടരമുതല്‍ പത്തരവരെ; ടിവിയും ഫോണും ഇല്ലാത്തവര്‍ക്കും അധ്യയനം ഉറപ്പാക്കണം; ഓണ്‍ലൈന്‍ ക്ലാസിന്റെ മാര്‍ഗനിര്‍ദേശം ഇങ്ങനെ

തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കേ, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കേ, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്രനിര്‍ദ്ദേശം വന്നതിന് ശേഷമേ സ്‌കൂളുകള്‍ തുറക്കൂ. അധ്യാപകരും അന്ന് മുതല്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്ര നിലപാട് കാക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സ്‌കൂളിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ തുറന്നശേഷം മാത്രം എത്തിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ. 

 ജൂണ്‍ ഒന്ന് മുതല്‍ തന്നെ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ ചാനലും ചാനലിന്റെ വെബ് സൈറ്റും വഴിയാണ്  ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നത്. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലുളള കുട്ടികള്‍ക്കുള്ള അധ്യയനം. പന്ത്രണ്ടാം ക്ലാസിലെ വിഷയമാണ് രാവിലെ എട്ടരമുതല്‍ പത്തരവരെ. ഒന്നാം ക്ലാസ് പത്തര മുതല്‍ അര മണിക്കൂര്‍. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസും പുനഃസംപ്രേക്ഷണം ചെയ്യും.  ടി വിയും ഫോണും ഇല്ലാത്തവര്‍ക്ക് പ്രധാന അധ്യാപകര്‍ ക്ലാസുകള്‍ ഉറപ്പാക്കണം. 

സമീപത്തെ വായനശാലകള്‍ ഉള്‍പ്പടെ ഉപയോഗിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓരോ ഓണ്‍ലൈന്‍ ക്ലാസിന് ശേഷവും അധ്യാപകര്‍ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയോ ഫോണ്‍ വഴിയോ ചര്‍ച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. സ്‌കൂളില്‍ വന്നില്ലെങ്കിലും അധ്യാപകര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com