മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തും; പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വരുന്ന രണ്ടുദിവസം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തും.
മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തും; പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട:  വരുന്ന രണ്ടുദിവസം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തും. 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെളളം കക്കാട്ടാറിലേക്ക് തുറന്ന് വിടും. കക്കാട്ടാറിന്റേയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു.

മെയ് 29, 30, 31 തീയതികളിൽ പത്തനംതിട്ടയില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മൂന്നുദിവസവും ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് മണിയാര്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍( പാംബ്ല), കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം. ശനിയാഴ്ച രാവിലെ പത്തിനാണ് ഷട്ടറുകള്‍ ഉയര്‍ത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കുന്നതാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ ഒരു കാരണം. വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനങ്ങളെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കൂടിയാണ് നടപടി. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

അതേസമയം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നു. അണക്കെട്ടിന്റെ നാല് ഷട്ടറും ഒരുമീറ്റര്‍ വീതം ഉയര്‍ത്തി. കരമനയാറിന്റെ തീരത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. 

നേരത്തെ ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ മാത്രമായിരുന്നു തുറന്നിരുന്നത്. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com