നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത് ; വീടിന് ചുറ്റം കുഴിയാനക്കുഴികള്‍, പാമ്പ് ഇഴഞ്ഞിട്ടില്ല ; ഉത്രയുടെ കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി

എവിടെനിന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് 99 ശതമാനവും കടിക്കില്ല. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ
നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത് ; വീടിന് ചുറ്റം കുഴിയാനക്കുഴികള്‍, പാമ്പ് ഇഴഞ്ഞിട്ടില്ല ; ഉത്രയുടെ കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി


കൊല്ലം : കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍, യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്ന് പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പൊലീസിനു മൊഴിനല്‍കി. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണ് ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാമെന്നും വാവാ സുരേഷ് വ്യക്തമാക്കി.

കൊലപാതകത്തില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തത്. എവിടെനിന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് 99 ശതമാനവും കടിക്കില്ല. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താൽ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ. ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയിൽ സാധാരഗതിയിൽ പാമ്പ് കൊത്താറില്ല. മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചതാണ് നെറ്റിയിൽ എന്നും വാവാ സുരേഷ് പറഞ്ഞു.

മൂർഖനോ അണലിയോ കടിച്ചാൽ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂർഖന്റെ കടിയേക്കാൾ അണലിയുടെ കടിയാണ് വേദന കൂടുതൽ. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂർവമാണ്. പറമ്പില്‍വച്ചാണ് മിക്കവർക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. സാധാരണഗതിയിൽ വലിയ അണലി കടിച്ചാൽ ഉടൻ ചികിൽസ നൽകാതെ ഒരാൾ ഏഴു മണിക്കൂർ ജീവിച്ചിരിക്കില്ല. രണ്ടാം തവണ മൂർഖൻ കടിച്ചപ്പോൾ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നൽകിയതിനാലാവാം എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു.

മരത്തിലൂടെയോ ജനൽ വഴിയോ പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാൽ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാൾ വഴി വേണം ആ മുറിയിൽ കയറാൻ. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലിൽ പാമ്പ് ഇഴഞ്ഞ പാടില്ല. ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട്.

 മരത്തിലൂടെ പാമ്പ് മുറിക്കുള്ളിൽ കയറാൻ അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയിൽ കടക്കാനാകില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കിൽ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാൽ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂർവം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയിൽ പാമ്പ് കയറില്ല.

സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനിൽ നിന്നാണ്. അയാളുടെ വിഡിയോകളിൽ പാമ്പിന്റെ വായിൽ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുൻപ് അയാൾ ചിലപ്പോൾ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കിൽ പുതിയതായി വിഷമുണ്ടായി വരാൻ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഉത്ര ഏഴുമണിക്കൂർ ജീവിച്ചത് എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com