കേരളത്തിലെ തക്കം നോക്കി ബംഗാളില്‍ യെച്ചൂരി കോണ്‍ഗ്രസുമായി കച്ചവടമുറപ്പിച്ചു; രമേശ് ചെന്നിത്തല

ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സിപിഎമ്മിന്റെ സഖ്യത്തെ കച്ചവടമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സിപിഎമ്മിന്റെ സഖ്യത്തെ കച്ചവടമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തക്കം നോക്കി നില്‍ക്കുകയായിരുന്നു സീതാറാം യെച്ചൂരി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുറപ്പിക്കാന്‍ എതിര് നിന്നത് കേരളത്തിലെ സിപിഎമ്മായിരുന്നു. ഈ തക്കം നോക്കി യെച്ചൂരി അവിടെ കച്ചവടമുറപ്പിച്ചു' ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ വഞ്ചനാ ദിന ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കച്ചവടം മാത്രമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനദൗത്യം. സിപിഎമ്മില്‍ നട്ടെല്ലുള്ള ഒരാള്‍ പോലുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുവെന്നാണ് പറയുന്നത്. പിണറായി വിജയന്റെ ചെലവില്‍ കഴിയുന്ന കേന്ദ്ര നേതൃത്വം പിന്നെ എന്തു ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു. 

കേരളത്തില്‍ ജനങ്ങള്‍ നല്‍കിയ അധികാരം കൊള്ളയ്ക്കും തീവെട്ടികൊള്ളയ്ക്കും വിനിയോഗിച്ചുപ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം കൈകൊണ്ടത്. പിണറായി പറയുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ കെല്‍പ്പില്ലാത്ത ദേശീയ നേതൃത്വമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയുടെ കാര്യം പറയാനുമില്ല. കാനത്തിന് പഴയ ഉശിരില്ല. എല്ലാ അഴിമതികളേയും പിന്തുണയ്ക്കുന്ന പാര്‍ട്ടിയായി സിപിഐ മാറി. കാര്യം നടക്കണമെന്നല്ലാതെ സിപിഐക്ക് പ്രതിഷേധിക്കാനുള്ള ത്രാണിയില്ലാതായി എന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരിനെതിരെ യുഡിഎഫ് അന്തിമ സമരം ആരംഭിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ അകത്ത് നടക്കുന്നത് കച്ചവടമായത് കൊണ്ടാണ് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സി.ഐ.എസ്.എഫ്) യെ സുരക്ഷയ്ക്കായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നും ചെന്നിത്തല ആരോപിച്ചു. 

അതേസമയം, കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ട് അനിവാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com