'ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തണം'; സ്ത്രീവിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്ന് സോളാര്‍ കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷന്‍ അംഗം എം സി ജോസഫൈന്‍ പറഞ്ഞു. 

കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു.

ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്ന് സോളാര്‍ കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പളളി. സംഭവം വിവാദമായതോടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു.

'ഓരോ ദിവസവും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു. രാജ്യമാസകലം ഞാന്‍ ബലാംത്സംഗത്തിന് വിധേയമായിരിക്കുന്നു എന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കികൊണ്ട് തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുന്നു. എപ്പോഴാണ് ഞാന്‍ രംഗത്തുവരേണ്ടത് എന്നാണ് അവര്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ഈ കളി ഇവിടെ നടക്കില്ല. ഈ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം നടക്കില്ല.
ജനങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും' -മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ടുവരുന്നു. അഭിസാരികയെ കൊണ്ട് എന്തെങ്കിലും കഥ പറയിക്കാമെന്ന് ആഗ്രഹിച്ചാല്‍ കേരളം കേട്ട് മടുത്തതാണ്.നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ഒരു സ്ത്രീ രംഗത്തുവന്നത്. ഒരു സ്തീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗത്തിന് വിധേയമാക്കി കൊണ്ടിരിക്കുന്നു എന്ന് വിലപിച്ച് കൊണ്ടിരിക്കുന്ന സ്ത്രീയെ നിര്‍ത്തി കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നു.നാണമുണ്ടോ മുഖ്യമന്ത്രി നിങ്ങള്‍ക്ക്. ആത്മാഭിമാനം ഉണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ തുറന്നുപറഞ്ഞു കൊണ്ട് അധികാരം വിട്ടുപോകണം' മുല്ലപ്പളളിയുടെ വാക്കുകള്‍ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com