ബലാത്സം​ഗത്തിന് ഇരയായ 16കാരി പ്രസവിച്ചു, തുടർ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം

പ്രസവിച്ച് നാലു ദിവസത്തിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്; കൂട്ട ബലാത്സം​ഗത്തിന് ഇരയായതിനെ തുടർന്ന്  ഗര്‍ഭിണിയായി കോഴിക്കോട് മെഡിക്കല്‍ കോളജില് പ്രസവിച്ച പതിനാറുകാരിക്ക് പ്രസവാനന്തര ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി. കുട്ടിയുടെ വീട്ടുകാരാണ് പരാതിയുമായി രം​ഗത്തെത്തിയത്. പ്രസവിച്ച് നാലു ദിവസത്തിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍ സാമൂഹ്യനീതിവകുപ്പും ശിശുക്ഷേമസമിതിയും ആരോപണം നിഷേധിച്ചു.

വയനാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ ചേർന്നാണ് 16കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയത്. തുടർന്ന് ​ഗർഭിണിയായ പെൺകുട്ടി ഒക്ടോബര്‍ രണ്ടിനാണ് ശസ്ത്രക്രിയയിലുടെ പ്രസവിക്കുന്നത്. പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും ആറാം തിയതി ശിശുക്ഷേമസമിതിയുടെ മുന്നില്‍ ഹാജരാക്കി സാമൂഹ്യനീതിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അമ്മയെയും സഹായിയായി ഇവര്‍ക്കൊപ്പമയച്ചു. എന്നാല്‍ പ്രസവാനന്തര ചികില്‍സയോന്നും കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വേദനയുണ്ടെന്നറിയിച്ചിട്ടും സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ ചികില്‍സക്ക് കോണ്ടുപോകാന്‍ തയാറായില്ലെന്നും ആരോപിച്ചു.

ചികില്‍സ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും നല്‍കിയില്ലെങ്കില്‍ സംരക്ഷണ കേന്ദ്രത്തിനെതിരെ നടപടിയെടുക്കുമെന്നു ശിശുക്ഷേമസമിതി അറിയിച്ചു. പെണ്‍കുട്ടിയുടെ മോഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്നുതന്നെ അന്വേഷണം തുടങ്ങി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളെ ചുറ്റിപറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com