ബിനീഷിന് ഇന്ന് നിര്‍ണായകം; കസ്റ്റഡി കാലാവധി അവസാനിക്കും, ജാമ്യത്തിന് നീക്കം

മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. 

അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. കസ്റ്റഡിയില്‍ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകര്‍ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും. അതേസമയം. ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുളള അപേക്ഷയുമായി എന്‍സിബിയും കോടതിയെ സമീപിച്ചേക്കും.

വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇന്നലെ  രാത്രി 9 മണിയോടെ ബിനീഷിനെ ആശുപത്രിയില്‍ നിന്നും സ്റ്റേഷനിലേക്ക് മാറ്റി. ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ഇ ഡി ശ്രമിക്കുന്നതായി  മാധ്യമങ്ങളുടെ ചോദ്യത്തിനോട് ബിനീഷ് കോടിയേരി ഇന്നലെ പ്രതികരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങുമ്പോഴാണ് പ്രതികരണം. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരന്‍ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു. 

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. 

ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കി കളളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com