മരിച്ചത് കബനി ദളം നേതാവെന്ന് പൊലീസ്; മഞ്ചക്കണ്ടി വാര്‍ഷികത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു, ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് എഫ്‌ഐആര്‍

കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്
മരിച്ചത് കബനി ദളം നേതാവെന്ന് പൊലീസ്; മഞ്ചക്കണ്ടി വാര്‍ഷികത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു, ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് എഫ്‌ഐആര്‍

വെള്ളമുണ്ട: വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മാവോയിസ്റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെയ്പ്പ് നടന്നത്. കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

ഇന്ന് രാവിലെ 9.15നാണ് ഏറ്റുമുട്ടല്‍ നടന്നത്. മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. യൂണിഫോം ധരിച്ച അഞ്ചില്‍ അധികം ആളുകള്‍ സംഘത്തിലുണ്ടായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു. 

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. വനം വകുപ്പ് ഓഫീസ്,  പൊലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നും പൊലീസ് പറയുന്നു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. വാളയാറില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങളെയും കടത്തിവിടുന്നില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് സംഘവും എത്തിയിട്ടുണ്ട്. അതേസമയം വെടിയൊച്ചയൊന്നും കേട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com