പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

കൽപ്പറ്റ: ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം കവിയും ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും ഗാന രചയിതാവുമായ കെ ജയകുമാർ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 

ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാർത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരൻ തമ്പിയുടേതെന്നും വ്യാപരിച്ച മേഖലകളിൽ എല്ലാം ഒരുപോലെ മാറ്റുതെളിയിച്ച ഈ പ്രതിഭാശാലി സാഹിത്യത്തിലും ചലച്ചിത്ര ലോകത്തും ഒരേപോലെ അതുല്യമായ സംഭാവനകൾ നൽകിയെന്നും പുരസ്‌കാര സമിതി വിലയിരുത്തി. മലയാള ചലച്ചിത്ര ഗാനശാഖയെ ജനകീയമാക്കിയതിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ വലിയ പങ്കുവഹിച്ചു. ലളിതമായ വരികളിലൂടെ അദ്ദേഹം ഗഹനമായ ആശയം വ്യക്തമാക്കുന്ന ആയിരക്കണക്കിന് ഗാനങ്ങൾ രചിച്ചു. അനുപമമായ വാക്കുകളുടെ സൗന്ദര്യവും ആഴത്തിലുള്ള ജീവിത തത്വചചിന്തയും ഒരേപോലെ ആ ഗാനങ്ങൾക്ക് മാറ്റുകൂട്ടി. കേരളത്തിന്റെ ഭൂപ്രകൃതി, സംസ്‌കാരം, പൈതൃകം, കല, ഉത്സവം, ഭാഷ എന്നിവയെയെല്ലാം ഈ എഴുത്തുകാരൻ കാവ്യ വിഷയങ്ങളും കാവ്യ ബിംബങ്ങളുമാക്കി. പ്രണയം, വിരഹം, ഭക്തി, ഹാസ്യം, തത്വചിന്ത, വാത്സല്യം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പലവർണ്ണപ്പീലികളായി. 

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള ചലച്ചിത്ര ഗാന ലോകത്തും കാവ്യ ലോകത്തും ഒറ്റയാന്റെ കരുത്തും ഭംഗിയുമായി ശ്രീകുമാരൻ തമ്പിയുണ്ട്. രചനകൾ കൊണ്ട് മലയാള കവിതയേയും ഗാനങ്ങളേയും മാത്രമല്ല സംസ്‌കാരത്തെയാകെത്തന്നെ പുതിയൊരു ഭാവുകത്വത്തിലേക്ക് ഉയർത്തിയ പ്രതിഭാവിലാസത്തെ മാനിച്ചാണ് പത്മപ്രഭാപുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്ക്ക് നൽകുന്നത്, സമിതി വിലയിരുത്തി. 

ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരം, പ്രേംനസീർ പുരസ്കാരം, ആശാൻ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, മയിൽപ്പീലി പുരസ്‌കാരം, കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം, മലയാള സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയൽ പുരസ്‌കാരം എന്നിവ ശ്രീകുമാരൻ തമ്പിയ്ക്ക് ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com