പിണറായി കൊള്ളമുതലില്‍ പങ്കുപറ്റി, അന്വേഷണം വീട്ടിലേക്ക് എത്തുമെന്നായപ്പോള്‍ സിബിഐയെ തടഞ്ഞു ; ആരോപണവുമായി കെ സുരേന്ദ്രന്‍

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്തിയാല്‍, സിബിഐ അന്വേഷിക്കുന്ന കേസുകളെല്ലാം പെട്ടിയും മടക്കി പോകുമെന്ന് കരുതേണ്ട
പിണറായി കൊള്ളമുതലില്‍ പങ്കുപറ്റി, അന്വേഷണം വീട്ടിലേക്ക് എത്തുമെന്നായപ്പോള്‍ സിബിഐയെ തടഞ്ഞു ; ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികളില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് വരുമോ എന്നുള്ള ഭയം കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് തടയിടാനുള്ള തീരുമാനം എടുത്തതെന്ന് ബിജെപി സംസ്ഥാാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഗുരുതരമായ ആരോപണമാണ് നേരിടുന്നത്. 

മുഖ്യമന്ത്രി സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്, ശിവശങ്കര്‍ തുടങ്ങിയ ആളുകളുമായി നേരിട്ട് ബന്ധമുള്ളതായും, കൊള്ളമുതലില്‍ പങ്കുപറ്റിയതായും സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെക്രട്ടറിയും മകനും അതീവ ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്തിയാല്‍, സിബിഐ അന്വേഷിക്കുന്ന കേസുകളെല്ലാം പെട്ടിയും മടക്കി പോകുമെന്ന് കരുതേണ്ട. സിബിഐ അന്വേഷിക്കുന്ന കേസുകളെല്ലാം സത്യം തെളിയുന്നതുവരെ കേരളത്തില്‍ തന്നെ അന്വേഷിക്കും. ഒരു പ്രതിരോധവും അതിനെ തടയാന്‍ സാധിക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു പ്രതികരണവും കേരളത്തിലെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ നടത്തിയിട്ടില്ല. അര്‍ണബിനെതിരായ കേസില്‍ കേരളം പ്രതികരിക്കാത്തത് വളരെ സെലക്ടീവ് ആണെന്നതിന് തെളിവാണ്. അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതില്‍ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com