തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും വനിതാ മേയര്‍മാര്‍ ; സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി ; വിജ്ഞാപനം ഉടന്‍

സംസ്ഥാനത്ത് 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത്  ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും
തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും വനിതാ മേയര്‍മാര്‍ ; സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി ; വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്കുള്ള സംവരണ നറുക്കെടുപ്പും പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. അതേസമയം ഇത്തവണ വനിതാ മേയര്‍മാരായിരുന്ന കൊച്ചിയിലും തൃശൂരും കണ്ണൂരും മേയര്‍ പദവി ജനറലായി മാറി. 

സംസ്ഥാനത്ത് 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത്  ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും. ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് വനിതാ സംവരണം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്. 

കോഴിക്കോട് ഇത്തവണ കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും വനിതകളാകും ഭരണം കയ്യാളുക. സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44 എണ്ണം സ്ത്രീ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും ( അതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകള്‍ക്ക്), ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും, 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും എട്ടെണ്ണം  പട്ടിക വര്‍ഗ സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com