ഒപ്പിടാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി ; അനൂപിന്റെ കാര്‍ഡ് വീട്ടില്‍ നിന്നും കണ്ടെടുത്തതല്ല ; പരാതിയുമായി ബിനീഷിന്റെ ഭാര്യ ; ഇഡിക്ക് പൊലീസിന്റെ നോട്ടീസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പൂജപ്പുര പൊലീസ് നോട്ടീസ് നല്‍കി
ടെലിവിഷൻ ചിത്രം
ടെലിവിഷൻ ചിത്രം


തിരുവനന്തപുരം :  ഉദ്യോഗസ്ഥര്‍ ഏതൊക്കെയോ പേപ്പര്‍ എടുത്തുകൊണ്ടുവന്ന് ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ. ബിനീഷ് കുടുങ്ങാന്‍ പോകുകയാണ്. അവിടെ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ ഒപ്പിടണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. 

അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോൾ വിളിച്ചു കാണിക്കണമായിരുന്നു. അത്തരത്തില്‍ കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് തീര്‍ത്തു പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു. അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇഡി അറിയിച്ചെന്നും ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ലെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ വസ്ത്രം മാറാന്‍ പോലും സാധിച്ചിട്ടില്ല. പാല്‍പ്പൊടി മാത്രമാണ് നല്‍കിയതെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. 

തങ്ങളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അതിനു ശേഷം ഏതെല്ലാമോ പേപ്പറുകള്‍ കണ്ടെടുത്തുവെന്നും ഒപ്പിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പേപ്പറുകള്‍ കണ്ടെടുത്തപ്പോള്‍, അവിടെയുണ്ടായിരുന്ന തന്നെ കാണിക്കണമെന്നും, അല്ലാതെ പറയുന്ന രേഖകളില്‍ ഒപ്പിടാനാകില്ലെന്നും അറിയിച്ചതായി ബിനീഷിന്റെ ഭാര്യ പറഞ്ഞു. ഉടന്‍ പോകാമെന്ന് കരുതിയാണ് വന്നത് അതിനാല്‍ കുട്ടിയുടെ ഡ്രസ്സോ, പാംപേഴ്‌സ് പോലും കരുതിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ ഭര്‍ത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ, ബോസോ അല്ല, വെറും സാധാരണ മനുഷ്യനാണെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.

ഇഡി ഉദ്യോ​ഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ബിനീഷിന്റെ ഭാര്യ മാതാവ് മിനി പറഞ്ഞു. അനൂപിന്റെ കാർഡ് ഇഡി ഉദ്യോ​ഗസ്ഥർ കണ്ടെടുക്കുന്നത് ആരും കണ്ടിട്ടില്ല. കാണാത്ത ഒരു കാര്യം വീട്ടിൽ നിന്നും കണ്ടെത്തിയതായി സമ്മതിച്ച് ഒപ്പിട്ടുകൊടുക്കാനാവില്ല. തന്റെ ഫോൺ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിൽ എടുത്തെന്നും അവർ വ്യക്തമാക്കി. 

ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും പുറത്തേക്ക് വിട്ടത്. ഇതിനിടെ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിലെത്തി. എന്നാല്‍ ഇവരെയും വീടിനകത്തേക്ക് ഇഡിയും സിആര്‍പിഎഫും കയറ്റിവിട്ടില്ല. തുടര്‍ന്ന് ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഗേറ്റിനരികിലെത്തി ബാലാവകാശ കമ്മീഷനോട് കാര്യങ്ങള്‍ വിശദീകരിച്ചു. 

കുഞ്ഞിന്റെ അവകാശങ്ങള്‍ ഹനിക്കാനാകില്ലെന്നും, ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പൂജപ്പുര പൊലീസ് നോട്ടീസ് നല്‍കി. യുവതിയെയും കുഞ്ഞിനെയും യുവതിയുടെ അമ്മയെയും അന്യായമായി തടങ്കലില്‍ വെച്ചു എന്നുകാട്ടി പരാതി ലഭിച്ചതായും ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും സിഐ നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com