നാടും നഗരവും ചേര്‍ന്ന് നിന്നു; അമൃതയും മഹേശ്വരിയും സംഗീതയും പുതു ജീവിതത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th November 2020 09:17 AM |
Last Updated: 05th November 2020 09:17 AM | A+A A- |

ഫോട്ടോ: എ സനേഷ്
കൊച്ചി: നാടും നഗരവും ചേര്‍ന്ന് നിന്നു. പുതു ജീവിതത്തിന്റെ സന്തോഷത്തിലേക്ക് നിറചിരിയുമായി അമൃതയും മഹേശ്വരിയും സംഗീതയും. സാമൂഹിക നീതി വകുപ്പിന് കീഴിലെ ചമ്പക്കര മഹീള മന്ദിരത്തിലെ അന്തേവാസികളായ മൂന്ന് യുവതികളാണ് ഒരേ ദിവസം ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചത്.
കോഴിക്കോട് പേരാമ്പ്ര ചേറോട്ടി സ്വദേശിയായ അനില്‍കുമാര്‍ ആണ് അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സ്വര്‍ണപ്പണിക്കാരനാണ് അനില്‍കുമാര്‍. പാലക്കാട് കാവശേരി തെക്കുമുറി മഞ്ഞപ്ര വീട്ടില്‍ തങ്കപ്പന്റേയും രുഗ്മിണിയുടേയും മകന്‍ ഷനോജ് ആണ് മഹേശ്വരിയുടെ വരന്‍. കാവശേരി വടക്കേത്തറ വീട്ടില്‍ കണ്ണന്റേയും അമ്മുവിന്റേയും മകന്‍ രാജ് നാരായണന്‍ സംഗീതയുടെ കഴുത്തില്‍ മിന്നുകെട്ടി.
ചമ്പക്കര വൈഷ്ണവ ഗന്ധര്‍വ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മഹിളാമന്ദിരം സൂപ്രണ്ട് എസ് ആര്‍ ബീനയും, കൊച്ചി മേയര്‍ സൗമിനി ചെയ്‌നും രക്ഷകര്‍ത്താക്കളായി നിന്നു. ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. വിവാഹത്തിനുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാണ് ഇത് ഉപയോഗിച്ചത്.
തൃപ്പുണിത്തുറ റോട്ടറി ക്ലബ് ആണ് കല്യാണപ്പുടവ സമ്മാനിച്ചത്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേഖല ഫോട്ടോഗ്രാഫി, ലൈവ് സ്ട്രീമിങ്, ആല്‍ബം എന്നിവ സൗജന്യമായി ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മഹീളാ മന്ദിരത്തിലെ സഹവാസികളായ 20 പേര്‍ക്ക് സാരിയും ചുരിദാറും ഉള്‍പ്പെടെയുള്ള പുതുവസ്ത്രങ്ങള്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് സമ്മാനമായി നല്‍കിയിരുന്നു.