തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍; ഡിസംബര്‍ 8, 10, 14; വോട്ടെണ്ണല്‍ 16ന് 

സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്താന്‍ തീരുമാനം.
തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍; ഡിസംബര്‍ 8, 10, 14; വോട്ടെണ്ണല്‍ 16ന് 

തിരുവനന്തപുരം:   സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്താന്‍ തീരുമാനം. ഡിസംബര്‍ എട്ടിന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ടം ഡിസംബര്‍ 10ന്. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിലുള്ളത്. മൂന്നാംഘട്ടം ഡിസംബര്‍ 14ന്. കാസര്‍കോട്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

സംസ്ഥാനത്ത് ഡിസംബര്‍ 31നകം ഭരണസമിതികള്‍ അധികാരത്തില്‍ വരുന്ന രീതിയില്‍ നടത്താനാണ് കമ്മീഷന്റെ തീരുമാനം. സുഗമമായി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഡിജിപി അറിയിച്ചതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1200 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ആരോഗ്യവകുപ്പ് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തെരഞ്ഞടുപ്പ് ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചത്. 2,71,20, 823 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.  കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകും. ഇതിനായി മൂന്ന് ദിവസം മുന്‍പ് അപേക്ഷകള്‍ നല്‍കണം

പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയത്. പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമില്ല. 

വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷന്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

രോഗികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഉള്‍പ്പടെ ഏര്‍പ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളില്‍ രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് നീക്കം. പ്രചാരണത്തിനും വോട്ടെടുപ്പിനും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അഡിമിനിസ്‌ട്രേറ്റീവ് ഭരണം വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com