സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; പത്രികാ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ; കോണ്‍ഗ്രസ്, സിപിഎം നേതൃയോഗങ്ങള്‍ ഇന്ന്

അടുത്ത വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കുന്നത്
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; പത്രികാ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ; കോണ്‍ഗ്രസ്, സിപിഎം നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വേറിട്ട മാര്‍ഗങ്ങളിലൂടെ പ്രചാരണ പരിപാടികള്‍ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് പാര്‍ട്ടികളില്‍ ചര്‍ച്ച തുടങ്ങി. 

അടുത്ത വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കുന്നത്. നവംബര്‍ 19 ആണ് അവസാന തീയതി. 20നാണ് സൂക്ഷ്മപരിശോധന. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി കണക്കാക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് മുന്നണികള്‍. സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമെല്ലാം അതിവേഗം പൂര്‍ത്തിയാക്കുകയാണ് പാര്‍ട്ടികള്‍ക്ക് മുന്നിലെ ആദ്യ വെല്ലുവിളി. 

ഇടതുമുന്നണി മിക്ക ജില്ലകളിലും സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര വിരുദ്ധ സമരങ്ങള്‍, കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗ്   എന്നിവയായിരിക്കും സംസ്ഥാന സമിതിയുടെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ലക്ഷ്യം വച്ച് കേന്ദ്ര ഏജന്‍സികള്‍ നീങ്ങുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന സമിതി തീരുമാനമെടുക്കും. 

നിര്‍ണയം തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. പ്രാദേശിക നീക്കുപോക്കുകളും സീറ്റ് വിഭജനവും യോഗത്തില്‍ ചര്‍ച്ചയാകും. വെല്‍ഫെയര്‍ പാര്‍ട്ടി ആര്‍എംപി എന്നിവയുമായി പ്രാദേശിക സഖ്യം വേണമെന്ന നിര്‍ദ്ദേശം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുളള പ്രതിഷേധ പരിപാടികള്‍ മുന്നോട്ടു പോകേണ്ടത് എങ്ങനെയെന്നും തീരുമാനിക്കും. പി സി ജോര്‍ജ്ജിനെയും പി സി തോമസിനെയും പാര്‍ട്ടി എന്ന നിലയില്‍ എടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ രാഷ്ട്രീയ കാര്യ സമിതിയില്‍ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് വന്നാല്‍ മുന്നണിയിലെടുക്കാമെന്ന് ഇവരെ അറിയിക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com