മെഡിക്കല്‍ കോളജില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും പിടിച്ചെടുത്തത് ഏഴു കോടി ; ഇതുവരെ കണ്ടെടുത്തത് 15 കോടിയിലേറെ ; ബിലീവേഴ്സ് ചര്‍ച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തല്‍

2015 മുതല്‍ ഏതാണ്ട് 6000 കോടി രൂപ ചാരിറ്റിക്കായി ബിലീവേഴ്‌സ് ചര്‍ച്ച് വിദേശങ്ങളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്
മെഡിക്കല്‍ കോളജില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും പിടിച്ചെടുത്തത് ഏഴു കോടി ; ഇതുവരെ കണ്ടെടുത്തത് 15 കോടിയിലേറെ ; ബിലീവേഴ്സ് ചര്‍ച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തല്‍

തിരുവല്ല : ബിലീവേഴ്സ് ചര്‍ച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.  ചര്‍ച്ചിന് കീഴിലെ 30 ട്രസ്റ്റുകളില്‍ അധികവും കടലാസില്‍ മാത്രമാണ്. ഏഴ് സംസ്ഥാനങ്ങളില്‍ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി. ബിലീവേഴ്‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്നും ഐടി പരിശോധനയില്‍ വ്യക്തമായി. 

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ല മെഡിക്കല്‍ കോളജ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കണക്കില്‍പ്പെടാത്ത ഏഴു കോടി രൂപ കണ്ടെടുത്തു. ഡല്‍ഹിയില്‍ പള്ളികളില്‍ സൂക്ഷിച്ച അഞ്ചു കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ചര്‍ച്ചിന്റെ വിവിധ ഓഫീസുകളിലും റെയ്ഡ് നടത്തി കണക്കില്‍പ്പെടാത്ത പണം പിടികൂടിയിട്ടുണ്ട്. ഇതടക്കം രേഖകള്‍ ഇല്ലാതെ സൂക്ഷിച്ച 15 കോടിയോളം രൂപ വിവിധ ഇടങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

2015 മുതല്‍ ഏതാണ്ട് 6000 കോടി രൂപ ചാരിറ്റിക്കായി ബിലീവേഴ്‌സ് ചര്‍ച്ച് വിദേശങ്ങളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. ഈ തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പകരം, റിയല്‍ എസ്റ്റേറ്റ്, ഭൂമി വാങ്ങിക്കൂട്ടല്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവക്കായി വിനിയോഗിച്ചുവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.  വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങിയത്. 

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. ഡല്‍ഹിയടക്കം ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങള്‍ ഉളള ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com