ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; മന്ത്രി കെ ടി ജലീല്‍ മടങ്ങി 

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍്ത്തിയായതിന് പിന്നാലെ കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ നിന്ന് മടങ്ങി. 

ഇന്ന് ഉച്ചയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസിലെത്തി. ഔദ്യോഗിക വാഹനത്തില്‍ പൊലീസ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്. മന്ത്രിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ചട്ടലംഘനമുണ്ടായതായാണ് ആക്ഷേപം.

കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച് കസ്റ്റംസ് തയ്യാറാക്കിയ വിശദമായ ചോദ്യാവലി അനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ആകെ 4478 കിലോഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര പാഴ്സല്‍ ആയി സംസ്ഥാനത്ത് എത്തിച്ചത്.ഇത് മലപ്പുറത്ത് വിതരണം ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചത്. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്സലില്‍ എത്തുന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യാന്‍ പാടില്ല എന്നാണ് ചട്ടം.

കേസുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പാഴ്സല്‍ വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com