'ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും ഒരു തെളിവും കിട്ടില്ല, മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട?': മന്ത്രി ജലീല്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍. 'ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു  വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല.'- ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്.'- ജലീല്‍ കുറിച്ചു. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ ഇന്ന് കസ്റ്റംസ് ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കുറിപ്പ്:

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട??
-------------------------------
മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാന്‍  വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാല്‍ കോണ്‍ഫിഡന്‍ഷ്യലായാണ് പോയത്. 
ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു; ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു  വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്റെ എക്കാലത്തുമുള്ള ആത്മബലം. 
എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com