ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം ബിജെപി ഭരിക്കും; കെ സുരേന്ദ്രന്‍

രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തെ ജീവനോടെ വേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണ്.

ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ  മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്.  ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണ്. മുഖ്യമന്ത്രി ഭരണ സംവിധാനം ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.  സി എം രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. എല്ലാ അഴിമതികളും അറിയാവുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇവര്‍. രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തെ ജീവനോടെ വേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണ്. രവീന്ദ്രന്റെ ജീവന് സുരക്ഷ നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി എം രവീന്ദ്രന്റെ സുരക്ഷ ഉറപ്പാക്കണം. എന്തും ചെയ്യാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. രവീന്ദ്രന്റെ ജീവന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം. പൊലീസും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇത് കേവലം സംശയമല്ല, തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com