കൊച്ചിയില്‍ അനില്‍കുമാര്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ; സ്യമന്തഭദ്രന്‍ ജില്ലാ പഞ്ചായത്തിലേക്ക്

ജില്ലാ കമ്മിറ്റിയില്‍ നിന്ന് അനില്‍കുമാര്‍ മാത്രമാണ് കൊച്ചി നഗരസഭയിലേക്ക് മല്‍സരിക്കുന്നത്
കൊച്ചിയില്‍ അനില്‍കുമാര്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ; സ്യമന്തഭദ്രന്‍ ജില്ലാ പഞ്ചായത്തിലേക്ക്

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം അനില്‍ കുമാര്‍ ഇടതുമുന്നണിയെ നയിക്കും. വിജയിക്കുകയും ഭരണം ലഭിക്കുകയും ചെയ്താല്‍ അനില്‍ കുമാറാകും ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. 

ജില്ലാ കമ്മിറ്റിയില്‍ നിന്ന് അനില്‍കുമാര്‍ മാത്രമാണ് കൊച്ചി നഗരസഭയിലേക്ക് മല്‍സരിക്കുന്നത്. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മേയറുമായ സി എം ദിനേശ് മണി തുടങ്ങിയവരുടെ പേരുകളും സജീവമായി പരിഗണിച്ചെങ്കിലും ബന്ധപ്പെട്ട കമ്മിറ്റികളുടെ അനുമതി ലഭിച്ചില്ല. 

യുവത്വവും പരിചയസമ്പത്തും ഒത്തുചേര്‍ന്ന പട്ടികയാണ് സിപിഎം തയ്യാറാക്കിയിട്ടുള്ളത്. ഏതാനും സിറ്റിങ് കൗണ്‍സിലര്‍മാരും മുന്‍ കൗണ്‍സിലര്‍മാരും പട്ടികയിലുണ്ട്. സ്വതന്ത്രരെയും പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. ഡിവിഷന്‍ കമ്മിറ്റികളിലെ ചര്‍ച്ചയ്ക്ക് ശേഷം ഇന്നു ജില്ലാ കമ്മിറ്റി ചേര്‍ന്ന് പട്ടിക പ്രസിദ്ധീകരിക്കും. 

എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയും അന്തിമ രൂപമായി. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ജില്ലാ കമ്മിറ്റിയില്‍ നിന്ന് എം ബി സ്യമന്തഭദ്രന്‍ മാത്രമാണ് മല്‍സരിക്കുന്നത്. എ എസ് അനില്‍കുമാര്‍ ( മൂത്തകുന്നം), എം ബി ഷൈനി ( ചെറായി), സി കെ റെജി ( മുളന്തുരുത്തി), സുരേഷ് ബാബു ( കുമ്പളങ്ങി), ഷിജി അജയകുമാര്‍ ( പുത്തന്‍കുരിശ്), കെകെ ദാനിക്കുഞ്ഞ് ( നേര്യമംഗലം), വിജയലക്ഷ്മി ശശി ( കോലഞ്ചേരി) തുടങ്ങിയവരാണ് സിപിഎം ലിസ്റ്റിലുള്ളത്. 

സിപിഐ സ്ഥാനാര്‍ത്ഥികളായി മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍ ( കാലടി) കെ വി രവീന്ദ്രന്‍ ( ആലങ്ങാട്), മോളി വര്‍ഗീസ് ( പാമ്പാക്കുട), റെയ്ജ അമീര്‍ ( എടത്തല) തുടങ്ങിയ പേരുകളും അംഗീകരിച്ചിട്ടുണ്ട്. വൈപ്പിനില്‍ കേരള കോണ്‍ഗ്രസ് (എസ്), വെങ്ങോലയില്‍ എന്‍സിപി, കോടനാട് കേരള കോണ്‍ഗ്രസ് ( ജോസ് കെ മാണി) എന്നീ പാര്‍ട്ടികള്‍ മല്‍സരിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഇന്നോ, നാളെയോ പ്രഖ്യാപിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com