ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച; ശിവശങ്കര്‍ ജില്ലാ ജയിലില്‍

ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്ത ശിവശങ്കരനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി
ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച; ശിവശങ്കര്‍ ജില്ലാ ജയിലില്‍


കൊച്ചി:  സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്ത ശിവശങ്കരനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി.

സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത പണം ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അറിയിച്ചിരുന്നു. ശിവശങ്കറിനെ രക്ഷിക്കാനാണ് ഈ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്ന് സ്വപ്ന മൊഴി നല്‍കിയതെന്ന് ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇഡിയുെട വാദങ്ങള്‍.

ശിവശങ്കറിനു കൂടി അവകാശപ്പെട്ട പണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇത് ലൈഫ് മിഷന്‍ ഇടപാടിലെ കോഴയാണ്. ശിവശങ്കറിനെ രക്ഷിക്കാന്‍ ഇതു സ്വര്‍ണക്കടത്തിലെ പണമാണെന്ന് സ്വപന മൊഴി നല്‍കുകയായിരുന്നു. സ്വപ്‌ന ശിവശങ്കറിന്റെ മുഖംമൂടി മാത്രമാണെന്നും ഇഡി അഭിഭാഷകന്‍ പറഞ്ഞു.

മൂന്നാമത് ഒരു ലോക്കര്‍ കൂടി എടുക്കാന്‍ ശിവശങ്കര്‍ സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു ലോക്കര്‍ മതിയാവാതെ വന്നപ്പോഴായിരുന്നു ഇത്. സ്വപ്‌നയുടെ കുറ്റകൃത്യങ്ങളില്‍ ശിവശങ്കര്‍ പങ്കാളിയാണ്. ശിവശങ്കറിനു ജാമ്യം നല്‍കിയാല്‍ തെളിവു നശിപ്പിക്കപ്പെടുമെന്ന് ഇഡി വാദിച്ചു. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്നതിനു തെളിവായി വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും സ്വപ്‌നയുടെ മൊഴിയും ഇഡി കോടതിയില്‍ സമര്‍പ്പിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ എം ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

പ്രതിയുടെ മൊഴി പ്രധാനമല്ലേയെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴി. അത് അവഗണിക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. മാനസിക സമ്മര്‍ദം മൂലമാവും സ്വപ്‌ന അത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

കള്ളക്കടത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാന്‍ ശിവശങ്കര്‍ കൂട്ടുനിന്നെന്നാണ് സ്വപ്‌നയുടെ മൊഴിയെന്ന് കോടതി ഓര്‍മിപ്പിച്ചു. സ്വര്‍ണക്കടത്തു തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് അവസാനിപ്പിച്ചതാണ് ലോക്കര്‍ ഇടപാടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ശിവശങ്കര്‍ വിളിച്ചതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com