ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എംസി കമറുദ്ദീന് ജാമ്യമില്ല 

ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എംസി കമറുദ്ദീന് ജാമ്യമില്ല 

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്. എംഎല്‍എയ്ക്ക് എതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല എന്ന കമറുദ്ദീന്റെ അഭിഭാഷകന്റെ വാദം കോടതി തളളി. 

ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദമാണ് ഇന്നലെ നടന്നത്. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, കച്ചവടക്കാരന്‍ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നല്‍കി. കമറുദ്ദീന്‍ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

കഴിഞ്ഞദിവസം 11കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 42 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. 

അതേസമയം, ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സ്ഥാപനത്തിന്റെ നേരിട്ടുളള ചുമതലയില്‍ താന്‍ ഇല്ലായിരുന്നെന്നും നിക്ഷേപകര്‍ ആവശ്യമെങ്കില്‍ കമ്പനി ലോ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com