നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകിയേക്കും

കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം
നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകിയേക്കും

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങി ആറ് ഇടതു നേതാക്കളാണ് പ്രതികൾ.  കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയിൽ ഹർജി നൽകാനും സാധ്യതയുണ്ട്. 

ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍. മന്ത്രിമാർ ഉൾപ്പെടെ കേസിലെ പ്രതികളായ ആറ് ഇടതുനേതാക്കളും കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമന്ന മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മന്ത്രിമാർ വിചാരണ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസ് എഴുതി തള്ളണമെന്ന സർക്കാരിന്‍റെ ആവശ്യം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com