ചിത്തിര ആട്ട വിശേഷം : ശബരിമല നട ഇന്ന് തുറക്കും

നാളെയാണ് ചിത്തിര ആട്ടവിശേഷം‌. നാളെ  വിശേഷാല്‍ പൂജകള്‍ ഉണ്ടാകും
ചിത്തിര ആട്ട വിശേഷം : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട :  ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിക്കും. നാളെയാണ് ചിത്തിര ആട്ടവിശേഷം‌. നാളെ  വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 

ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുമെങ്കിലും ഭക്തര്‍ക്ക് പ്രവേശനം ഇല്ല. പൂജകൾ പൂർത്തിയാക്കി നാളെ രാത്രി എട്ടിന് നട അടയ്ക്കും. തുടർന്ന് മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് 15 ന് വൈകീട്ട് അഞ്ചിന് വീണ്ടും നട തുറക്കും. അന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല. നിയുക്ത ശബരിമല മേല്‍ശാന്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റി , മാളികപ്പുറം മേല്‍ശാന്തി അങ്കമാലി കിടങ്ങൂര്‍ മൈലക്കോടത്ത് മനയില്‍ എം എന്‍ രവി കുമാര്‍ (ജനാര്‍ദനന്‍ നമ്പൂതിരി)  എന്നിവരുടെ അഭിഷേകവും സ്ഥാനാരോഹണവും അന്ന് നടക്കും. 

വൃശ്ചികം ഒന്ന് ആയ 16 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഇത്തവണ ദര്‍ശനം നടത്താന്‍ കഴിയൂ. മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പേട്ടതുള്ളലിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. 

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 25ന് വൈകിട്ട് സന്നിധാനത്ത് എത്തും. തുടര്‍ന്ന് അങ്കി ചാര്‍ത്തി ദീപാരാധന. 26ന്  ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജയും നടക്കും. അന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് രാവിലെ 7ന് നട അടയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com