അമ്മ-മകൻ പോര്, ഒരേ വാർഡിൽ നേർക്കുനേർ; വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെന്ന് അച്ഛനും 

അമ്മ ബിജെപിക്കും മകൻ സിപിഎമ്മിനും വേണ്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നത്
അമ്മ-മകൻ പോര്, ഒരേ വാർഡിൽ നേർക്കുനേർ; വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെന്ന് അച്ഛനും 

കൊല്ലം: അമ്മയും മകനും ഓരേവാർഡിൽ നേർക്കുനേർ പോരാടുമ്പോൾ ജയം ആർക്കൊപ്പം നിൽക്കുമെന്നറിയാനുള്ള ആവേശത്തിലാണ് നാട്ടുകാർ. അഞ്ചൽ ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ അമ്മ-മകൻ ഏറ്റുമുട്ടൽ. അമ്മ ബിജെപിക്കും മകൻ സിപിഎമ്മിനും വേണ്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നത്. 

പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമാ രാജനും മകൻ ദിനുരാജുമാണ് അങ്കംകുറിക്കുന്നത്. വീടിനകത്ത് രാഷ്ട്രീയ പോർവിളികൾ മുഴങ്ങാറില്ലെങ്കിലും പടികടന്നാൽ ഇരുവരും പോര് മുറുക്കും. ‌‌കഴിഞ്ഞ വർഷം വനിതാ വാർഡായിരുന്ന ഇവിടെ പോയവർഷത്തെ തെരഞ്ഞെടുപ്പ് അനുഭവവുമായാണ് സുധർമ ഇക്കുറിയും അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ വർഷം സുധർമ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ വിജയം ഇടതുമുന്നണിക്കായിരുന്നു. 

ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമാണെങ്കിലും മഹിളാമോർച്ച പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്  സുധർമ ഇപ്പോൾ. ഭർത്താവ് ദേവരാജനും ബിജെപി അനുഭാവിയാണ്. പക്ഷേ ‘വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെ’ന്നാണ് ദേവരാജന്റെ ശാസന. ഭാര്യയും മകനും അത് അനുസരിക്കുകയാണ് ഇവിടെ. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും സെൽഫിയെടുക്കുന്നതിനുമൊന്നും തെരഞ്ഞെ‌ടുപ്പ് ഈ അമ്മയ്ക്കും മകനും തടസ്സമല്ല. ‌‌‌

ഹൈസ്കൂൾ മുതൽ എസ്എഫ്ഐ പ്രവർത്തകനാണ് ദിനുരാജ്. ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയതോടെ കഴിഞ്ഞ ആഴ്ചമുതൽ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി.  രണ്ട് പാർട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടിൽ നടത്തേണ്ടി വരുന്നതുകൊണ്ടാണ് വീടുമാറ്റമെന്നും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ എന്നുമാണ് ദിനുരാജ് പറയുന്നത്. ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാർട്ടി’ എന്ന ഉത്തരം നൽകി വാശി നിലനിർത്തിയാണ് ഇരുവരുടെയും മുന്നേറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com