വിവാഹം കഴിഞ്ഞത് പത്ത് ദിവസം മുൻപ്; മലപ്പുറത്ത് നിയന്ത്രണം തെറ്റി ബുള്ളറ്റ് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ടു; നവദമ്പതിമാർക്ക് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞത് പത്ത് ദിവസം മുൻപ്; മലപ്പുറത്ത് നിയന്ത്രണം തെറ്റി ബുള്ളറ്റ് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ടു; നവദമ്പതിമാർക്ക് ദാരുണാന്ത്യം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മലപ്പുറം: ചേലേമ്പ്ര ദേശീയപാതയിൽ വാഹനാപകടത്തിൽ നവദമ്പതിമാർക്ക് ദാരുണാന്ത്യം. പത്ത് ദിവസം മുൻപ് മാത്രം വിവാഹം കഴിഞ്ഞ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി എതിരെ വന്ന ടാങ്കർ ലോറിക്ക് അടിയിൽപെടുകയായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തു വെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

പത്ത് ദിവസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച ജുമാനയുടെ ചേലേമ്പ്രയിലുള്ള പിതൃ സഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com