മണ്ഡലകാല  തീര്‍ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും ; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ ; കടുത്ത നിയന്ത്രണം

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഇത്തവണ ദര്‍ശനം നടത്താന്‍ കഴിയൂ
ഫയല്‍ചിത്രം
ഫയല്‍ചിത്രം

പത്തനംതിട്ട :  മണ്ഡലകാല  തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട നാളെ വൈകീട്ട് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിക്കും. നാളെ ഭക്തര്‍ക്ക് പ്രവേശനമില്ല. ഞായറാഴ്ച വൈകീട്ട് നിയുക്ത ശബരിമല മേല്‍ശാന്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റി , മാളികപ്പുറം മേല്‍ശാന്തി അങ്കമാലി കിടങ്ങൂര്‍ മൈലക്കോടത്ത് മനയില്‍ എം എന്‍ രവി കുമാര്‍ (ജനാര്‍ദനന്‍ നമ്പൂതിരി)  എന്നിവരുടെ അഭിഷേകവും സ്ഥാനാരോഹണവും നടക്കും. 

വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരാകും നടകൾ തുറക്കുക. തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഇത്തവണ ദര്‍ശനം നടത്താന്‍ കഴിയൂ. സാധാരണ ദിനങ്ങളിൽ 1000 പേർക്കും, വാരാന്ത്യ ദിനങ്ങളിൽ 2000 പേർക്കുമായിരിക്കും ദർശനം അനുവദിക്കില്ല. സന്നിധാനത്ത് വിരി വെയ്ക്കാൻ അനുവാദമില്ല. പമ്പയിൽ സ്നാനത്തിനും വിലക്കുണ്ട്. 

മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പേട്ടതുള്ളലിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി അഞ്ചുപേര്‍ക്ക് ഒരുമിച്ച് പേട്ടതുള്ളല്‍ നടത്താം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എരുമേലി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലോ ഇടത്താവളങ്ങളിലോ വിരി വെക്കാന്‍ അനുവാദമില്ല. പേട്ട തുള്ളലിനുള്ള സാമഗ്രികള്‍ തീര്‍ത്ഥാടകര്‍ സ്വന്തമായി വാങ്ങണം. വാടകയ്ക്ക് എടുക്കുകയോ കൈമാറാനോ പാടില്ല. 

രാസ സിന്ദൂരം ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. പകരം ജൈവസിന്ദൂരം ലഭ്യമാക്കാന്‍ കളക്ടര്‍ എരുമേലി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും പരിസരങ്ങളിലും ഉള്ള കടകളിലെ ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിര്ക്കണം. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരെ 15 ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കും. 

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 25ന് വൈകിട്ട് സന്നിധാനത്ത് എത്തും. തുടര്‍ന്ന് അങ്കി ചാര്‍ത്തി ദീപാരാധന. 26ന്  ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജയും നടക്കും. അന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് രാവിലെ 7ന് നട അടയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com