വിവാഹഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു, ലഭിച്ചത് ആദ്യഭാര്യയ്ക്ക് ; നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയെന്ന് രണ്ടാംഭാര്യ

ഓണ്‍ലൈന്‍ വിവാഹ വെബ്‌സൈറ്റ് വഴിയാണ് വിനോദ് കല്യാണ ആലോചനയുമായി യുവതിയുടെ വീട്ടുകാരെ സമീപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : വിവാഹതട്ടിപ്പുകേസില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി വിനോദ് വിജയനെയാണ് (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ചുവെന്നാണ് കേസ്.  

ഓണ്‍ലൈന്‍ വിവാഹ വെബ്‌സൈറ്റ് വഴിയാണ് വിനോദ് കല്യാണ ആലോചനയുമായി യുവതിയുടെ വീട്ടുകാരെ സമീപിച്ചത്. തുടര്‍ന്ന് മൂന്നു മാസം മുമ്പ് കുറുമുള്ളൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹവും കഴിച്ചു. വിവാഹശേഷം യുവതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ വിവാഹഫോട്ടോ വിനോദ് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചുകൊടുത്തു.

ഇതില്‍ ചിലത് ആദ്യ ഭാര്യയായ ചെങ്ങന്നൂര്‍ സ്വദേശിനിക്ക് ലഭിക്കുകയായിരുന്നു. രണ്ടാം വിവാഹത്തിന്റെ കാര്യം ആദ്യ ഭാര്യ അറിഞ്ഞു എന്നു മനസ്സിലാക്കിയതോടെ രണ്ടാം ഭാര്യയുമായി വിനോദ് കാസര്‍കോട്ടേക്കു കടന്നു. ആദ്യ ഭാര്യ ഓണംതുരുത്തിലെ യുവതിയുടെ വീട്ടുകാരെ സമീപിച്ചതോടെയാണ് തട്ടിപ്പിനെക്കുറിച്ച് യുവതിയുടെ ബന്ധുക്കള്‍ അറിയുന്നത്. 

ഇതേത്തുടര്‍ന്ന് യുവതിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ്  കാസര്‍കോട്ടു നിന്ന് യുവതിയെയും വിനോദിനെയും കസ്റ്റഡിയിലെടുത്തു. വിനോദ് മര്‍ദിച്ചെന്നും നഗ്‌നഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വര്‍ണവും, വിവാഹത്തിന് വീട്ടില്‍ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും യുവതി മൊഴി നല്‍കി. വിനോദിനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമം, പീഡനം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com