'അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്'; മുല്ലപ്പള്ളിക്ക് പി ജയരാജന്റെ മറുപടി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രക്തം കുടിക്കുന്ന ഡ്രാക്കുള എന്നാണ് ഇവർ തനിക്ക് ചാർത്തി തന്ന വിശേഷണം
'അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്'; മുല്ലപ്പള്ളിക്ക് പി ജയരാജന്റെ മറുപടി


തിരുവനന്തപുരം: പി ജയരാജൻ ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആവേണ്ടിയിരുന്നത് എന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രത്തിന്റെ പരാമർശത്തിന് പി ജയരാജന്റെ മറുപടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രക്തം കുടിക്കുന്ന ഡ്രാക്കുള എന്നാണ് ഇവർ തനിക്ക് ചാർത്തി തന്ന വിശേഷണം എന്നും, മുല്ലപ്പള്ളി രാമചന്ദ്രന്റെ ​ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. 

മുല്ലപ്പള്ളിയുടെ പ്രസ്താവന ​ഗൂഡ ലക്ഷ്യം വെച്ചുള്ളതാണ്. പാർട്ടി ബന്ധുക്കളിൽ ആശയ കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല. അന്ന് എന്നെ ഡ്രാക്കുള എന്നാണ് വിളിച്ചത്. ഇപ്പോൾ അൽഷിമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന നേതാവ് പറഞ്ഞത് യുട്യൂബിലുണ്ടാവും. മുല്ലപ്പള്ളി നല്ലത് പറഞ്ഞാലോ, മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല തന്റേത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പി ജയരാജൻ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്ഥാനാർഥിയായ എനിക്ക്  “രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവർ ചാർത്തിയത്.ഇപ്പോൾ അൽഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.

നിങ്ങൾ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല.എന്റേത്.ഒരു കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.പാർട്ടിയെ തകർക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കൊപ്പമാണ് കോൺഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്‌.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com