പഴയ കാർഷിക-ഗൃഹോപകരണങ്ങൾ വിൽക്കാനുള്ളവർക്ക് വിളിക്കാം, പണം തരാമെന്ന് കാർഷിക ഗവേഷണകേന്ദ്രം  

പഴയകാല കൃഷിരീതികളും ഉപകരണങ്ങളും വരുംതലമുറയ്ക്കായി കരുതിവെക്കാനും പരിചയപ്പെടുത്താനും പ്രത്യേകം മ്യൂസിയം ഒരുക്കും
പഴയ കാർഷിക-ഗൃഹോപകരണങ്ങൾ വിൽക്കാനുള്ളവർക്ക് വിളിക്കാം, പണം തരാമെന്ന് കാർഷിക ഗവേഷണകേന്ദ്രം  

കാസർ​ഗോഡ്: പരമ്പരാഗത കാർഷിക ഉപകരണങ്ങളും പഴയകാല ഗൃഹോപകരണങ്ങളും ഇനി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം വിലയ്ക്ക് വാങ്ങും. ഉപകരണങ്ങൾ ശേഖരിക്കാൻ സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലും സൗകര്യമൊരുക്കും. കേന്ദ്രത്തിലെ ടി എസ് തിരുംമുമ്പ് കാർഷിക സംസ്‌കൃതി പഠനകേന്ദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവ ശേഖരിക്കുന്നത്.

പഠനകേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായി പഴയകാല കൃഷിരീതികളും ഉപകരണങ്ങളും വരുംതലമുറയ്ക്കായി കരുതിവെക്കാനും പരിചയപ്പെടുത്താനും പ്രത്യേകം മ്യൂസിയം ഒരുക്കും. ഞേങ്ങോലും നുകവും (കലപ്പ), മരക്കപ്പല (മരക്കുന്നപല), ഉവ്വേണി, കട്ടകോയി, വിത്തൂട്ടി, മുറം, ഇടങ്ങഴി, നാഴി, പറ, സേറ്, പത്തായം, തുമ്പോട്ടി, നിലംതല്ലി, കളക്കുട (ഓലക്കുട) എന്നീ കാർഷികോപകരപണങ്ങൾ സ്വീകരിക്കും.

അമ്മി, കടച്ചക്കല്ല് (ആട്ടുകല്ല്), അടച്ചൂറ്റി, അയിത്തപ്പാള, അല്ലിപ്പൂട്ട്, ആവണിപ്പലക, ഇടിമുട്ടി, ഇഡ്ഡലിച്ചെമ്പ്, ഇരുമ്പുപെട്ടി, ഉടുപ്പുപെട്ടി, ഉരലും ഉലക്കയും, ഉറി, ഈരായി, എണ്ണക്കിണ്ണം, എണ്ണക്കുഴി, എണ്ണക്കുറ്റി, എണ്ണഭരണി, എഴുത്തോല, കച്ചട്ടി, കഞ്ചർ, കടയൽയന്ത്രം, കറിമരി, കളസ, കാടിപ്പലക, കാതിലോല, കിണ്ണം, കിണ്ടി, കുട്ടുകം, കുഴിയമ്മി, കുരിയ, കൈകോൽ, കൊട്ടൂമി, കണ്ടപ്പൂട്ട്, കൊണ്ടോട്ടി, കോളാമ്പി, കോരിക, കോഴിവാൽ, ഗ്രാമഫോൺ, ചാണ, ചെപ്പ്, ചെമ്പുകുടം, തിരിപ്പുകല്ല്, തട്ട, തുപ്പുണ്ണം, തുലാൻ, തൗ, ധുഡി, നാരായം, നൂറ്റുകുടം, നൂറ്റടപ്പം, നാഴികവട്ട, പണപ്പലക തുടങ്ങിയ പഴയകാല ഗൃഹോപകരണങ്ങളും സ്വീകരിക്കും.

പ്രതിഫലം സ്വീകരിക്കാതെ പഠനകേന്ദ്രത്തിലേക്ക് സംഭാവനയായി നൽകുന്നവരുടെ പേരുവിവരങ്ങൾ പ്രത്യേകം പ്രദർശിപ്പിക്കും. ഉപകരണങ്ങൾ കൈയിലുള്ളവർക്ക് 0467-2260632 എന്ന നമ്പറിൽ വിളിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com