ഒക്ടോബര്‍ 17 മുതല്‍ ഓരോ ആഴ്ചയും രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് സംസ്ഥാനത്ത് 2,710 പേര്‍ക്ക് കോവിഡ്; ചികിത്സയില്‍ 70,925 പേര്‍

സംസ്ഥാനത്ത് ഇന്ന് 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഒക്ടോബര്‍ 17 മുതല്‍ ഓരോ ആഴ്ചയും രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് സംസ്ഥാനത്ത് 2,710 പേര്‍ക്ക് കോവിഡ്; ചികിത്സയില്‍ 70,925 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,710  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19  പേര്‍ മരിച്ചു. കോവിഡ്  അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2347 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 269 കേസുകളാണുള്ളത്.രോഗബാധ സ്ഥിരീകരിച്ചവരില്‍ 39 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.24 മണിക്കൂറിനിടെ 25141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.78 ശതമാനമാണ്. 6567 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 70925 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ആദ്യത്തെ കേസില്‍ നിന്ന് ഒരാള്‍ക്ക് പോലും പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കാന്‍ കഴിഞ്ഞു. ഒരു കേസില്‍ നിന്ന് അയ്യായിരത്തിലെത്താന്‍ 156 ദിവസമാണ് കേരളം എടുത്തത്. മറ്റിടത്ത് മരണസംഖ്യ ഉയര്‍ന്നപ്പോള്‍ പിടിച്ചുനിര്‍ത്താനും കേരളത്തിന് കഴിഞ്ഞു. ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ദിനംപ്രതി ടെസ്റ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അതുകൊണ്ട് ഒരാഴ്ചയില്‍ എത്രപേര്‍ രോഗികളായെന്നും രോഗമുക്തരായെന്നുമുള്ള കണക്കുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 17 മുതല്‍ ഓരോ ആഴ്ചയും സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ജനങ്ങളുട ജാഗ്രതയില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വീഴ്ച സംഭവിച്ചാല്‍ രോഗവ്യാപനം ഉയരും. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാണെന്നാണ് ലോകം കാണിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം കുതിച്ചുകയറുകയാണ്. സ്വീഡന്‍ മോഡല്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്. രോഗവ്യാപനം തടയുന്നതിന് നമ്മുടെ സംസ്ഥാനം സ്വീകരിച്ച കാര്യങ്ങളെ ഈ സംഭവങ്ങള്‍ ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com