കിഫ്ബിയെ തകര്‍ക്കാന്‍ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല; അസ്വസ്ഥരാകുന്നത് വികല മനസുകള്‍: മുഖ്യമന്ത്രി

നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനുള്ളതാണത്. അതിനാല്‍ എന്തിനതിന് തുരങ്കം വക്കുന്നുവെന്നും മുഖ്യമന്ത്രി
കിഫ്ബിയെ തകര്‍ക്കാന്‍ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല; അസ്വസ്ഥരാകുന്നത് വികല മനസുകള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വന്നപ്പോള്‍ തന്നെ അതിനെ  പരിഹസിച്ചരുണ്ടെന്നും എന്നാലത് യാഥാര്‍ത്ഥ്യമായെന്നും തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വഴി പദ്ധതികൾ നടപ്പിലാക്കുന്നത് വികലമായ മനസുകളെയാണ് അസ്വസ്ഥരാക്കുന്നതെന്നും നാടിനും നാട്ടുകാർക്കും സന്തോഷം മാത്രമാണുള്ളതെന്നും  പിണറായിപറഞ്ഞു.കിഫ്ബിയെ തകർക്കാൻ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല. ‘ കിഫ്ബിക്കെതിരെ സംഘപരിവാർ നേതാവ് കേസ് കൊടുക്കുന്നു, കോൺഗ്രസ് നേതാവ് കേസ് വാദിക്കുന്നു, നല്ല ഐക്യം’– മുഖ്യമന്ത്രി പറഞ്ഞു.

 
നാട്ടിൽ ഒരു പദ്ധതിയും നടപ്പിലാക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. വികസന വിരുദ്ധർ മാത്രമല്ല, നാട് നന്നാകുന്നതിൽ അസ്വസ്ഥതയുള്ളവരും കിഫ്ബിക്കെതിരെ നിലപാടെടുക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നത്. കിഫ്ബി പദ്ധതി തങ്ങളുടെ മണ്ഡലത്തിൽ വേണ്ട എന്ന നിലപാട് എടുക്കാൻ പ്രതിപക്ഷ എംഎൽഎമാർക്കു കഴിയുമോ എന്നു മുഖ്യമന്ത്രി ചോദിച്ചു.

മണ്ഡലത്തെ ആര് പ്രതിനിധീകരിക്കുന്നു എന്നല്ല, നാടിന്റെ വികസനമാണ് വിഷയം. നാടിന്റെ ആവശ്യങ്ങൾ കണ്ടാണ് സർക്കാർ പദ്ധതികൾ അനുവദിക്കുന്നത്. സുതാര്യമായാണ് കിഫ്ബി പദ്ധതി നടപ്പിലാക്കുന്നത്. അതിൽ തെറ്റ് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് നേരത്തെയുള്ള പരാതികൾ പിൻവലിച്ചത്. നാടിനുവേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ സർക്കാരിന്റെ യശസുയർന്നാൽ അതു അനുവദിക്കില്ല എന്ന നിലപാട് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍ വികസന പ്രതീക്ഷ നിറവേറ്റാന്‍ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു.  വരുമാന സ്രോതസുകള്‍ ഇതിനനുസരിച്ച് വര്‍ധിക്കേണ്ടതുണ്ടായിരുന്നു. അതിനെന്താണ് മാര്‍ഗം എന്നാലോചിച്ചു. നിലവില്‍ കിഫ്ബി  എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപുലീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് കിഫ്ബി നാടാകെ അറിഞ്ഞത്.

മുന്‍ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചു. ഈ സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി അതിനെ വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതി ഏറ്റെടുക്കണമെങ്കില്‍  പുതിയ ധനസ്രോതസ് വേണം. 50,000 കോടിയുടെ വികസന പദ്ധതിയെങ്കിലും  ഇത്തരത്തില്‍ നടപ്പാക്കാനാകണം എന്നാണ് കണക്കാക്കിയത്. എന്നാലിപ്പോള്‍  55000ത്തിലധികം കോടിയുടെ  പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന അവസ്ഥയായി. പലതും പൂര്‍ത്തിയാക്കി. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com