മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം ; ഭക്തർക്ക് ഇന്നു മുതൽ പ്രവേശനം ; കർശന നിയന്ത്രണം

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് ദർശനത്തിന് അവസരം
മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം ; ഭക്തർക്ക് ഇന്നു മുതൽ പ്രവേശനം ; കർശന നിയന്ത്രണം

ശബരിമല: ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. പുതുതായി സ്ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തരെ ദർശനത്തിനായി കടത്തി വിട്ടു തുടങ്ങി.  വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് ദർശനത്തിന് അവസരം. 

കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. പ്രതിദിനം 1000 പേർക്ക് മാത്രമാണ് ദർശന അനുമതി.   ദര്‍ശനത്തിന് എത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്. എല്‍.ടി.സി.യിലേക്ക് മാറ്റും. പമ്പയിലോ നിലയ്ക്കലോ വിരിവയ്ക്കാൻ അനുമതി ഇല്ല.

പമ്പയിൽ സ്നാനത്തിനും വിലക്കുണ്ട്. മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പേട്ടതുള്ളലിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി അഞ്ചുപേര്‍ക്ക് ഒരുമിച്ച് പേട്ടതുള്ളല്‍ നടത്താം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രാസ സിന്ദൂരം ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരെ 15 ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കും. 

ഇന്നലെ വൈകീട്ടാണ് മണ്ഡലകാലത്തിന് തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നത്. സ്ഥാനമൊഴിഞ്ഞ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറന്നത്. പുതിയ മേൽശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്. തുടർന്ന് തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ. രെജികുമാർ എന്ന ജനാർദനൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേറ്റു. 

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 25ന് വൈകിട്ട് സന്നിധാനത്ത് എത്തും. തുടര്‍ന്ന് അങ്കി ചാര്‍ത്തി ദീപാരാധന. 26ന്  ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജയും നടക്കും. അന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് രാവിലെ 7ന് നട അടയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com