'ചെറിയ കളിയല്ല, നാലു പേജ് ഡല്‍ഹിയില്‍ നിന്നും കൂട്ടിചേര്‍ത്തത് ; കേരളത്തിനെതിരെ വന്‍ ഗൂഢാലോചന' ; കിഫ് ബി വിവാദത്തില്‍ ധനമന്ത്രി 

സിഎജി നിലപാടിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം
'ചെറിയ കളിയല്ല, നാലു പേജ് ഡല്‍ഹിയില്‍ നിന്നും കൂട്ടിചേര്‍ത്തത് ; കേരളത്തിനെതിരെ വന്‍ ഗൂഢാലോചന' ; കിഫ് ബി വിവാദത്തില്‍ ധനമന്ത്രി 

ആലപ്പുഴ : കിഫ്ബിയിലെ ഓഡിറ്റ് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ കേരളത്തിനെതിരെ വന്‍ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമാണെന്നത് ഉള്‍പ്പെടെ നാലുപേജുകള്‍ ഡല്‍ഹിയില്‍ നിന്നും കൂട്ടിചേര്‍ത്തതാണെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു ഘട്ടത്തിലും കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല പ്രശ്‌നം. കേരളത്തിന്റെ വികസനത്തെ ബാധിക്കുമോ എന്നതാണ്. സിഎജി നിഗമനങ്ങളിലാണ് പ്രശ്‌നമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

പ്രതിപക്ഷം പുറമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സിഎജി നിലപാടിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇതില്‍ നിന്നും ഒളിച്ചു പോകുന്നതെന്തുകൊണ്ടാണ്. മറ്റ് കാര്യങ്ങളെക്കുറിച്ചെല്ലാം സംവദിക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി ഓഫ് ബജറ്റ് വായ്പകളാണ്. ബജറ്റില്‍ പെടുത്താതെ, എന്നാല്‍ ബജറ്റിന് ബാധ്യതകള്‍ വരുന്ന രീതിയിലുള്ള വായ്പയെടുപ്പാണ്. അത് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും ചെയ്യുന്നുണ്ട്. 

സിഎജി നിലപാട് സംസ്ഥാന വികസനത്തിന് എതിരാണ്. സിഎജി തന്നത് നിയമസഭയില്‍ വെക്കുന്നതിനുള്ള റിപ്പോര്‍ട്ടാണ്. മസാല ബോണ്ട് ഇറക്കിയത് റിസര്‍വ് ബാങ്കിന് അനുവാദമുണ്ട്. ഭരണഘടനാ ലംഘനമില്ല. കിഫ്ബി വായ്പകള്‍ സര്‍ക്കാരിന്റെ പ്രത്യക്ഷവായ്പകളല്ല. ഇത് ആന്യൂറ്റി മോഡല്‍ വായ്പയാണ്. സര്‍ക്കാര്‍ ബജറ്റില്‍ നിന്നും പണം നല്‍കിക്കൊണ്ടിരിക്കുകയാണ്. 

ആകെ വായ്പയെടുത്തത് 3000 കോടി രൂപ മാത്രമാണ്. കിഫ്ബിയില്‍ എടുക്കുന്നത് അസറ്റ് മാനേജ്‌മെന്റ് ലയബിലിറ്റി പ്രകാരമാണ്. 25 ശതമാനം പ്രോജക്ട് നേരിട്ട് വരുമാനം തരുന്നതാണ്. കണ്‍ട്രോള്‍ ലിവറേജ് മാനേജ്‌മെന്റാണ്. അടിസ്ഥാന രഹിതമായ വാദങ്ങളും നിഗമനങ്ങളുമാണ് സിഎജി മുന്നോട്ടുവെക്കുന്നത്. 

ഇത് വികസനത്തിന്റെ വഴി തെറ്റിക്കുന്നു, ശ്വാസം മുട്ടിക്കുന്നു. ഇത്തരം അഭിപ്രായങ്ങളുണ്ടെങ്കില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണം. ഓഡിറ്റ് ചെയ്യപ്പെടുന്ന പാര്‍ട്ടിയോട് അഭിപ്രായം ചോദിക്കേണ്ടേ. നേരത്തെ തന്നെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ ഒരു കാര്യമില്ല. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യം എങ്ങനെ കൂട്ടിചേര്‍ത്തു. നാലുപേജുകള്‍ ഡല്‍ഹിയില്‍ കൂട്ടിചേര്‍ക്കുകയായിരുന്നു. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരെ നടക്കുന്നതെന്ന് തോമസ് ഐസക്ക് ചോദിച്ചു. 

കേരള സംസ്ഥാനത്തെ തകര്‍ക്കാന്‍ നടക്കുന്ന വമ്പന്‍ ഗൂഢാലോചനയാണ്. എക്‌സിറ്റ് മീറ്റിങില്‍ ഇല്ലാത്ത കാര്യം എഴുതി ചേര്‍ത്തു. ഇത് അന്തിമമാണെങ്കില്‍ ആയിക്കോട്ടെ. ഇത് കേരളത്തിന്റെ വികസനത്തിന്റെ, ഭാവിയുടെ പ്രശ്‌നമാണ്. ഇതിനെ ചെറുക്കുന്നതിന് കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. 

സംസ്ഥാനവുമായി ചര്‍ച്ച ചെയ്യാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെങ്ങനെയാണ്. അതുകൊണ്ടാണ് കരടു റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത്. ഉത്തമബോധ്യത്തോടെയാണ് കരടു റിപ്പോര്‍ട്ടെന്ന് പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനില്ല. മാധ്യമങ്ങള്‍ വിവാദത്തിന് പകരം, വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. 

കിഫ്ബിയുടെ ഔദ്യോഗിക ഓഡിറ്റര്‍ വര്‍മ ആന്റ് വര്‍മയാണ്.  എന്നാല്‍ ബോണ്ടുകള്‍ ഇറക്കിയപ്പോള്‍ ഓഹരി ഉടമകള്‍ ഓവര്‍ റൈറ്റ് ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.  ടെണ്ടര്‍ വിളിച്ചപ്പോള്‍ ലഭിച്ചതാണ് ചെന്നൈ ആസ്ഥാനമായ സൂരി ആന്റ് കമ്പനിക്ക് ലഭിച്ചത്. അല്ലാതെ നേരിട്ട് നല്‍കിയതല്ല. വിദേശ പണത്തിന് എക്‌സേഞ്ച് റേറ്റ് റിസ്‌ക് വരും. എന്നാല്‍ മസാല ബോണ്ടില്‍ ഈ റിസ്‌കില്ല. അതാണ് ഗുണമാകുന്നത് എന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com