രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല ; വാദം ദുരുദ്ദേശപരം ; ഇഡി കോടതിയില്‍

ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വൈകീട്ട് വിധിപറയും
രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല ; വാദം ദുരുദ്ദേശപരം ; ഇഡി കോടതിയില്‍

കൊച്ചി : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന എം ശിവശങ്കറിന്റെ ആരോപണം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ല. ശിവശങ്കറിന്റെ വാദം ദുരുദ്ദേശ്യപരമെന്നും ഇഡി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം കോടതിയില്‍ നല്‍കും. 

ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും ഇഡി ആവശ്യപ്പെടും. നേരത്തെ നടന്ന വാദം കേള്‍ക്കലില്‍ ഒരിക്കല്‍ പോലും ശിവശങ്കറിന്റെ അഭിഭാഷകന്‍ ഇത്തരം കാര്യം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ ഇത് ദുരുദ്ദേശപരമായി എഴുതി ചേര്‍ത്തതാണ്.  ഇഡി അന്വേഷണം നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ്. ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചത്. 

സ്വപ്‌ന സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ പോലും ഈ പണം എടുത്തിട്ടില്ല. മാത്രമല്ല, ശിവശങ്കറും ചാര്‍ട്ടേണ്ട അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ ചാറ്റുകളും ഇത് ശിവശങ്കറിന്റെ പണമാണെന്ന് തെളിയിക്കുന്നുണ്ട്. ഇഡിയുടെ കണ്ടെത്തലിനെ എന്‍ഐഎ അന്വേഷണവുമായി കൂട്ടിക്കുഴയ്ക്കുന്നത് ദുരുദ്ദേശത്തിലാണ്. ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കര്‍. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും സത്യവാങ്മൂലത്തില്‍ ഇ ഡി വ്യക്തമാക്കുന്നു. 

അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും ശിവശങ്കര്‍ ഇന്നലെ കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. വാട്‌സ് ആപ്പ് ചാറ്റുകള്‍ നുണക്കഥകളാണ്. പലതും മാറ്റിയിട്ടുണ്ട്. ചിലതൊക്കെ കൂട്ടിചേര്‍ത്തതാണ്. കസ്റ്റംസ് ഓഫീസറെ താന്‍ വിളിച്ചതിന് തെളിവില്ല. ഒരു കസ്റ്റംസ് ഓഫീസറുടെ പേര് പോലും പറയുന്നില്ല. എന്‍ഐഎ കണ്ടെത്തിയതിന് എതിരായ നിഗമനമാണ് ഇഡി കണ്ടെത്തിയതെന്നും ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു.

ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും.ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കോടതി വിധി പ്രസ്താവിക്കുക. ഇഡിയുടെ വാദങ്ങള്‍ കൂടി പരിഗണിക്കുന്നതിന് വേണ്ടിയാണ് വിധി പ്രസ്താവം കോടതി ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com