മറ്റേയാളുടെ കൈപിടിച്ച് പെണ്‍കുട്ടി ആറ്റിലേക്ക് ചാടി; ദൃക്‌സാക്ഷിയുടെ മൊഴി ; തുമ്പായത് ചെരിപ്പും തൂവാലയും

ഇരുവരും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്നു വൈകിട്ടു വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു
മറ്റേയാളുടെ കൈപിടിച്ച് പെണ്‍കുട്ടി ആറ്റിലേക്ക് ചാടി; ദൃക്‌സാക്ഷിയുടെ മൊഴി ; തുമ്പായത് ചെരിപ്പും തൂവാലയും

കോട്ടയം : വൈക്കത്തിന് സമീപം മുറിഞ്ഞപുഴ പാലത്തിന് സമീപത്തുനിന്നും മൂവാറ്റുപുഴ ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണം ദുരൂഹം. കൊല്ലം ആയൂര്‍ കീഴാറ്റൂര്‍ അഞ്ജു ഭവനില്‍ അശോകന്റെ മകള്‍ ആര്യ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടില്‍ അനി ശിവദാസിന്റെ മകള്‍ അമൃത അനി (21) എന്നിവരുടെ മൃതദേഹമാണു വേമ്പനാട്ടു കായലില്‍ കണ്ടെത്തിയത്.

കൊല്ലം അഞ്ചലിലെ സ്വകാര്യ കോളജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ഇരുവരും സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ്. ക്ലാസ്സിന് പുറത്തും ഒ്ന്നിച്ചായിരുന്നു യാത്രകള്‍. 13നു രാവിലെ 10ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഉച്ചയ്ക്കു 12ന് ആര്യയുടെ ഫോണില്‍ വിളിച്ചു വീട്ടുകാര്‍ സംസാരിച്ചിരുന്നു. 

ഇരുവരും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്നു വൈകിട്ടു വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് ഇരുവീട്ടുകാരും അഞ്ചല്‍, ചടയമംഗലം പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. പിതാവ് ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നതിനാല്‍ ഏതാനും ദിവസങ്ങളായി അമൃത, കൂട്ടുകാരി ആര്യയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവല്ല ഭാഗത്തുവെച്ച് അമൃതയുടെ മൊബൈല്‍ ഓഫ് ചെയ്തതായി കണ്ടെത്തി. ശനിയാഴ്ച രാത്രി 7.45 ഓടെ ഇരുവരും ചെമ്പ് മുറിഞ്ഞപുഴ പാലത്തില്‍ നിന്നും ചാടിയെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇരുവരും പാലത്തിലൂടെ നടക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. 

ഒരു പെണ്‍കുട്ടിയുടെ കൈപിച്ചു വലിച്ച് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ആറ്റിലേക്ക് ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് നടത്തിയ തെരച്ചിലില്‍ തൂവാലയും ചെരിപ്പും കണ്ടെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ചടയമംഗലം പൊലീസിന് കൈമാറിയിരുന്നു. കാണാതായ യുവതികളില്‍ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്ത് തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com