പെണ്‍കെണിയൊരുക്കി ; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊന്ന് വഴിയില്‍ തള്ളി ; സഹോദരപുത്രനും അറസ്റ്റില്‍

ദിവാകരന്‍ നായരുടെ സഹോദരന്റെ മകന്‍ കൃഷ്ണനുണ്ണിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കെണിയൊരുക്കി ; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊന്ന് വഴിയില്‍ തള്ളി ; സഹോദരപുത്രനും അറസ്റ്റില്‍

കൊച്ചി : കൊച്ചി ബ്രഹ്മപുരത്ത് മധ്യവയസ്‌കനെ കൊലപ്പെടുത്തി വഴിയരികില്‍ തള്ളിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ സഹോദര പുത്രന്‍ കൂടി അറസ്റ്റിലായി. കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് ബ്രഹ്മപുരത്ത് വഴിയരികില്‍ ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്.

കേസില്‍ ദിവാകരന്‍ നായരുടെ സഹോദരന്റെ മകന്‍ കൃഷ്ണനുണ്ണിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവാകരന്‍ നായരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ കൃഷ്ണനുണ്ണിക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൃഷ്ണനുണ്ണിയുടെ ഭാര്യ പിതാവ് അനില്‍ കുമാര്‍ കേസില്‍ ഒന്നാം പ്രതിയാണ്. കേസില്‍ ഇതുവരെ അഞ്ചുപേര്‍ പിടിയിലായി.

ദിവാകരന്‍ നായരുടെ മരണം വസ്തു തര്‍ക്കത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ദിവാകരന്‍ നായരുടെ സഹോദരന്റെ മകന്റെ ഭാര്യാപിതാവായ കോട്ടയം പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയില്‍  സി എസ് രാജേഷ് (37), കോട്ടയം ആലിക്കല്‍ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്ത് കൊല്ലം കുമിള്‍ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്യുന്ന ഷാനിഫയുടെ സഹായത്തോടെ പെണ്‍ കെണിയൊരുക്കി ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തി ദിവാകരനെ പിന്തുടര്‍ന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയില്‍ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകള്‍-ഇന്‍ഫോ പാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികള്‍ പൊന്‍കുന്നത്തേയ്ക്കു മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com