മോശമായി പെരുമാറിയെന്ന് 13 സ്ത്രീകളുടെ പരാതി; ഫേസ് ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നുപറഞ്ഞ് യുവതി; വനിതാ അദാലത്തില്‍ പരാതികള്‍

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍. വനിത കമ്മീഷന്റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്‌നം കമ്മീഷന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു. 

ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ വനിത കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും വനിത കമ്മീഷന്‍ ആവശ്യപ്പെടും.

പ്രായമായ അമ്മയെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിത കമ്മീഷന്‍ പരിഗണിച്ചു. വനിത കമ്മീഷന് മുമ്പ് തന്നെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അമ്മയുടെ അനുവാദമില്ലാതെ വീട് വാടകക്ക് നല!്കിയെന്നതായിരുന്നു പുതിയ പരാതിയുടെ ആധാരം. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. 

സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുവെന്ന പരാതിയും അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചു. പ്രദേശത്തെ ലഹരി വില്‍പനസംഘവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാതാപിതാക്കള്‍ ഗൗരവകരമായ സമീപനം കാണിക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നിരവധി അപകടങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്നും ലഹരി ഉപഭോക്താക്കള്‍ ആയിട്ടുള്ളവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാന്‍ മടി കാണിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ ആണ് അദാലത്തില്‍ വനിത കമ്മീഷന് മുമ്പിലെത്തിയത്.
  
ലോക്ക് ഡൗണിന് ശേഷം നടത്തിയ വനിത കമ്മീഷന്‍ അദാലത്തില്‍ 55 പരാതികള്‍ ആണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. 5 കേസുകള്‍ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയില്‍ കൗണ്‍സിലിങ്ങ് നിര്‍ദേശിച്ചിട്ടുണ്ട്. 34 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കേരള വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com