പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

രാവിലെ മുന്‍മന്ത്രിയെ കസ്റ്റഡിയിലെടുക്കാനായി വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു
പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലുള്ള നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.28-നാണ് ആശുപത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരാനാണ് സാധ്യത.

കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. തിരുവനന്തപുരത്തു നിന്ന് 10 അംഗ വിജിലന്‍സ് സംഘം ഇന്നു രാവിലെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും, വീട്ടില്‍ താന്‍ മാത്രമേ ഉള്ളൂവെന്നും ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ അറിയിച്ചു. തുടര്‍ന്ന് ആലുവ സ്‌റ്റേഷനില്‍ നിന്നു നാലു വനിത പൊലീസുകാരെ വിളിച്ചു വരുത്തിയ ശേഷമാണ് സംഘം അകത്തു കടന്നു പരിശോധന നടത്തിയത്. 

ഇതിന് പിന്നാലെ വിജിലൻസ് സംഘം നെട്ടൂർ ആശൂപത്രിയിലെത്തി വിജിലൻസ് സംഘം ഡോക്ടർമാരുമായി സംസാരിച്ചു. എൺഎൽഎ ഇബ്രാഹിംകുഞ്ഞിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചു. ഇതിന് ശേഷം വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 
നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. 

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ഇതിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്ന് അന്നത്തെ പൊതുമാരമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇത് താന്‍ മാത്രം എടുത്ത തീരുമാനമല്ലെന്നും സൂരജ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com